Sunday, December 4, 2011

ഒരു മുത്തശ്ശിക്കഥ

അനുവിന്‍റെ സ്വപ്നം  ഇന്നലെ എന്‍റെ ഉറക്കം കളഞ്ഞു  . വാര്‍ധക്യത്തി ന്‍റെ ആകുലതകള്‍ എന്നെ വീണ്ടും അമ്മമ്മയുടെ ഓര്‍മകളില്‍ എത്തിച്ചു . രാത്രി മുഴുവന്‍ എന്തൊക്കെയോ ഓര്‍മ്മകള്‍ തള്ളിക്കയറി വന്നു , ഒരു അടുക്കും ചിട്ടയുമില്ലാതെ .

അമ്മു എന്നാണു ലേശം കുരുത്തക്കേടില്‍ ഞാന്‍ അമ്മമ്മയെ വിളിച്ചിരുന്നത്‌ . എന്‍റെ അപ്പൂപ്പന്‍റെ രണ്ടാം ഭാര്യ ആയിരുന്നു അമ്മു . ആദ്യത്തെ ഭാര്യയില്‍ കുട്ടികള്‍ ഉണ്ടാവാതിരുന്നപ്പോ കുടുംബക്കാര്‍ തന്നെ ഇടപെട്ടു അപ്പൂപ്പനെ വീണ്ടും കല്യാണം കഴിപ്പിക്കുകയായിരുന്നു എന്നാണു ഞാന്‍ കേട്ടിരിക്കുന്നത് . ആ സംഭവത്തെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും ചോദിച്ചറിയാന്‍ കഴിയുന്നതിനു മുന്‍പ് , എന്‍റെ കുട്ടിക്കാലത്ത് തന്നെ അപ്പൂപ്പന്‍ മരിച്ചുംപോയി . പിന്നെ ആകെ ആശ്രയം അമ്മുവിന്‍റെ  വെര്‍ഷന്‍ ആണ് .

"എന്നെ ചെറുപ്പത്തില്‍ ഒന്ന് കാണണ്ടതായിരുന്നു , സിനിമാനടികള്‍ മാറി നില്‍ക്കും . അങ്ങനല്ലേ നെന്‍റെ അപ്പൂപ്പന്‍ വീണുപോയത് " , അത് പറയുമ്പോ എണ്‍പത്തിഅഞ്ചാം വയസിലും അമ്മു ഒരു പാവാടക്കാരിപ്പെണ്ണാവും .  പ്രായത്തിന്‍റെ ചുളിവുകള്‍ക്കിടയിലും ശരിക്കും ഒരു സുന്ദരി തന്നെ ആയിരുന്നു അമ്മു . അപ്പൂപ്പന്‍ നാട്ടിലെ പേര് കേട്ട ആയുര്‍വേദ ഡോക്ടര്‍ ആയിരുന്നു . കുടുംബം അന്യം നിന്നുപോവാതെയിരിക്കാന്‍ വീണ്ടും ഒരു കല്യാണം എന്നാലോചിച്ചപ്പോ അയലത്തെ സുന്ദരിയില്‍ അപ്പൂപ്പന്‍റെ കണ്ണുടക്കിക്കാണണം. അച്ഛന്‍റെ മരണവും അമ്മാവന്മാരുടെ ധൂര്‍ത്തും ഒക്കെ കൊണ്ട് അധപതിച്ചുപോയ ഒരു കുടുംബമായിരുന്നു അമ്മുവിന്‍റെത്. വിവാഹാലോചന അവര്‍ രണ്ടു കൈയും കാലും നീട്ടി സ്വീകരിച്ചു . കാര്യങ്ങള്‍ ഒക്കെ വളരെ എളുപ്പമായിരുന്നു ആ കാലത്ത് എന്നാണു അമ്മു പറഞ്ഞിരുന്നത് .  ഒരു പുടവയും നിലവിളക്കും കൊടുക്കുമ്പോ ഒരു കല്യാണമായി . അമ്മു എടുപിടീന്ന് നാല് മക്കളെ പ്രസവിക്കുകയും ആ കല്യാണത്തിന്‍റെ പരമമായ ലക്‌ഷ്യം നിറവേറ്റുകയും ചെയ്തു ! (അതില്‍ മൂന്നു കുട്ടികളും കുഞ്ഞിലെ തന്നെ മരിച്ചു പോയെങ്കിലും ഒരു മകള്‍ അവശേഷിച്ചത് കാരണം ആണ് ഇപ്പൊ നിങ്ങള്‍ ഇത് വായിക്കുന്നത് .)

ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ അനുഭവിച്ച സ്ത്രീയാണ് എന്‍റെ അമ്മു . പക്ഷെ സംസാരത്തില്‍ , പെരുമാറ്റത്തില്‍ ഒന്നും ആ സങ്കടങ്ങളുടെ ഒരു നിഴല്‍ പോലും ഞാന്‍ കണ്ടിട്ടില്ല .  ജീവിതത്തെ നിവര്‍ന്നു നിന്ന് നേരിട്ട ഒരു പോന്നവളായിരുന്നു അമ്മു . ഞങ്ങള്‍ കുട്ടികളും അങ്ങനെ തന്നെ ആവണം എന്ന് അവര്‍ ആഗ്രഹിച്ചു . ആ സ്വഭാവം കുറച്ചെങ്കിലും കിട്ടിയത് എനിക്കാണ് .
(അതാണ്‌ എന്‍റെ ഏറ്റവും വല്യ പോരായ്മ എന്ന് അമ്മയുടെ അഭിപ്രായം ).

ഒരുപാട് തമാശകള്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിട്ടുണ്ട് . എന്‍റെ അനന്തിരവള്‍ മുത്തുലക്ഷ്മി എന്ന വര്‍ഷ സ്കൂളില്‍ ചേര്‍ന്ന സമയം . അവളെ സ്കൂള്‍ വാനിലേക്ക് കയറ്റിവിടുന്നതും വൈകിട്ട് തിരികെ ഇറക്കുന്നതും ഞങ്ങള്‍ കുടുംബസമേതം ആയിരുന്നു . പിന്നെ സ്കൂളിലെ സംഭവബഹുലമായ ദിവസത്തെ ക്കുറിച്ച് അവളുടെ വക ഒരു കഥാപ്രസംഗം  ഉണ്ടാവും . അങ്ങനെ ഒരു ദിവസം കുട്ടി നിന്ന് കസറുകയാണ് "... അവസാനം  ടീച്ചര്‍ പറഞ്ഞു , എല്ലാവരും വര്‍ഷക്ക് ഒരു കാപ്പ് ( clapp !) കൊടുക്കൂ , അപ്പൊ കുട്ടികള്‍ എല്ലാരും എനിക്ക് കാപ്പ് തന്നു ".  എല്ലാവരും ഹാപ്പി . കുറച്ചു കഴിഞ്ഞപ്പോ അമ്മു കുട്ടിയോട് " എന്നിട്ട് ആ കാപ്പ് എവിടെ ? "
"അത് സ്കൂളില്‍ അല്ലേ കിട്ടിയത് ."
"ആഹാ , അതിനെ അവിടെ കളഞ്ഞിട്ടു പോന്നോ ? നാളെ ചെന്ന് ടീച്ചറോട്‌ പറയണം , കാപ്പ് സ്കൂളില്‍ വെച്ച് മറന്നുപോയി ന്നു ".പെണ്‍കുട്ടികള്‍ ആഭരണ മണിഞ്ഞു നടക്കുന്നതായിരുന്നു അമ്മുവിന് സന്തോഷം . എന്നോടുണ്ടായിരുന്ന ഒരേ ഒരു ഇഷ്ടക്കേടും അതായിരുന്നു ," കഴുകി ഇറക്കിയത് പോലെ പോകുന്ന പോക്ക് കണ്ടില്ലേ !".

എന്‍റെ വിവാഹം വീട്ടില്‍ എല്ലാവരുടെയും ഉറക്കം കെടുത്തിയ കാലത്ത് ഒരു ദിവസം അമ്മു എന്നോട് ചോദിച്ചു " മക്കള്‍ക്ക്‌ ഈ കണ്ട ചെക്കന്മാരെയൊന്നും ഇഷ്ടായില്ലേ ?"
"ഇല്ല "
"പിന്നെ ആരെയാ ഇഷ്ടം ?"
"അയാളെ ഇവിടെ വേറെ ആര്‍ക്കും ഇഷ്ടായില്ല. ജാതകം ചേരില്ല  "
"മക്കള്‍ക്കിഷ്ടമുള്ളയാ ളെ കല്യാണം കഴിച്ചാല്‍ മതി , അയാള്‍ നല്ലവനാണെങ്കില്‍.  രജിസ്റ്റര്‍ മാര്യേജ് ചെയ്യൂ . .ഇവരോടൊക്കെ പതിയെ ഞാന്‍ പറഞ്ഞു മനസ്സിലാക്കാം . ജീവിതം ഒന്നല്ലേയുള്ളൂ .അത് നമുക്ക് മനസ്സിന് ചേരുന്നവരോടൊപ്പം തന്നെ ജീവിക്കണം ." അമ്മു എന്നെ ഞെട്ടിച്ചു ! പിന്നീട് വീട്ടുകാര്‍ എന്‍റെ ഇഷ്ടം തന്നെ സമ്മതിച്ചതിന് ശേഷം ഞാന്‍ വെളിപ്പെടുത്തി , അമ്മു എനിക്ക് തന്ന രഹസ്യ പിന്തുണ . "വെറുതെയല്ലല്ലോ  നീ ഇങ്ങനെ തലതിരിഞ്ഞുപോയത്  ",  അമ്മക്ക് കാരണം മനസിലായി .

നല്ല പ്രായമായിട്ടും ഒത്ത ആരോഗ്യവും തെളിഞ്ഞ ഓര്‍മ്മയും അമ്മുവിനുണ്ടായിരുന്നു . കൊച്ചിയില്‍ കൊണ്ടുപോയി എന്‍റെ കൂടെ  നിര്‍ത്തണം എന്നുണ്ടായിരുന്നു എനിക്ക് . അത് നടന്നില്ല . അമ്മ സമ്മതിച്ചില്ല .       " നിനക്കെന്താ വട്ടുണ്ടോ ? ഈ പ്രായത്തിലും അമ്മയിങ്ങനെ ആരോഗ്യത്തോടെ ഇരിക്കുന്നത് ഈ പറമ്പിലും റോഡിലും ഒക്കെ ഇറങ്ങിനടന്നും പരിചയക്കാരോട് വിശേഷം പറഞ്ഞും ഒക്കെയാ . അതൊന്നുമില്ലാതെ നീ കൊണ്ടുപോയി പട്ടണത്തില്‍ നിലം തൊടാതെ ഇരുത്തിയാല്‍ ഒരാഴ്ച കൊണ്ട് അമ്മ കിടപ്പാവും." അതും ചിലപ്പോ ശരിയായിരുന്നു കാണും . ഞാന്‍ ഒറ്റക്കായിരുന്നു താമസം . ഒരു തനി നാട്ടിന്‍പുറത്തുകാരിയായ അമ്മു  മിണ്ടാനും പറയാനും ആരുമില്ലാതെ എങ്ങനെ കൊച്ചിയില്‍ കഴിയും ?

പതിയെപ്പതിയെ അമ്മുവിന്‍റെ ഓര്‍മ്മ മങ്ങിത്തുടങ്ങി . ഒരു ദിവസം എന്നോട് ചോദിച്ചു , " മക്കളേ നിന്‍റെ കാലം കഴിഞ്ഞാല്‍ പിന്നെ എന്നെ ആര് നോക്കും ?".

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എന്‍റെ അമ്മു മരിച്ചു .












23 comments:

  1. അമ്മു i like that name.........
    പ്രായം കുടുന്ധോറും കൊച്ചു കുട്ടി കളെ പോലെ ആകും എന്ന്‍ പറയാറുണ്ട് ,,,,,,,,,,
    അത് സത്യമാണ് ,,,,,,,,,,,,,
    never miss the memory . like the writing

    ReplyDelete
  2. വല്ലാത്ത നഷ്ടമായിപ്പോയി, അല്ലെ?
    ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.
    ഇടയ്ക്കു മുത്തശ്ശി ചിരിപ്പിച്ചു.
    അവസാനം കരയിപ്പിച്ചു

    ReplyDelete
  3. അമ്മൂന്റെ ഓര്‍മ്മകള്‍ നന്നായിപ്പകര്‍ത്തി.
    മുത്തശ്ശിമാരുടെ വേര്‍പാട് ശരിക്കും നഷ്ട്ടം തന്നെയാണ്.
    ഞാനും അതനുഭവിച്ചറിഞ്ഞിട്ടുണ്ട്.
    ഇപ്പോ എനിക്കും ഉണ്ട് ഒരു കാന്താരി അമ്മു..!
    ആശംസകളോടെ..പുലരി

    ReplyDelete
  4. പ്രിയപ്പെട്ട കൂട്ടുകാരി,
    അമൃത ചാനലിലെ സ്വാമിയുടെ പ്രഭാഷണം കേട്ടു കൊണ്ടു, പ്രിയപ്പെട്ട അമ്മമ്മയുടെ രസകരമായ വിശേഷങ്ങള്‍ നിറഞ്ഞ ഈ പോസ്റ്റ്‌ ഒരു പാട് ഇഷ്ടമായി...! അമ്മമ്മയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ എന്റെ ആദരാഞ്ജലികള്‍!
    ഒരിക്കലും,മങ്ങാത്ത ഓര്‍മ്മകള്‍....!എന്നും ജീവിതത്തിനു ഊര്‍ജം നല്‍കുന്ന സ്നേഹം നിറഞ്ഞ മുഖം! ഇങ്ങിനെ ഒരമ്മമ്മയെ കിട്ടാന്‍ ഭാഗ്യം ചെയ്യണം,കൂട്ടുകാരി!
    ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ സമ്മാനിച്ച പ്രിയപ്പെട്ട അമ്മമ്മയെ എന്നും സ്നേഹത്തോടെ സ്മരിക്കണം.
    ഞാന്‍ അഭിമാനിക്കുന്നു,കൂട്ടുകാരി;അമ്മമ്മയെ കുറിച്ച് ഈ പോസ്റ്റ്‌ എഴുതാന്‍ ഞാന്‍ നിമിത്തമായതില്‍.
    മനോഹരമായ ഒരു ജീവിതം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  5. (അതാണ്‌ എന്‍റെ ഏറ്റവും വല്യ പോരായ്മ എന്ന് അമ്മയുടെ അഭിപ്രായം)
    അലിഖിത നിയമവും നാട്ടുനടപ്പും മനസ്സില്‍ ചേര്‍ത്ത് പിടിക്കുന്ന ഏതോരമ്മക്കും അതായിരിക്കും അഭിപ്രായം. അതെല്ലാം മാറിക്കൊണ്ടിരിക്കുന്നു.

    അമ്മാമ്മ എന്ന അമ്മു ഒരു നിഴല്‍ പോലെ ഒരു സ്വകാര്യം പോലെ മനസ്സിനെ തഴുകി കടന്നു പോയി.
    " നിനക്കെന്താ വട്ടുണ്ടോ ? ഈ പ്രായത്തിലും അമ്മയിങ്ങനെ ആരോഗ്യത്തോടെ ഇരിക്കുന്നത് ഈ പറമ്പിലും റോഡിലും ഒക്കെ ഇറങ്ങിനടന്നും പരിചയക്കാരോട് വിശേഷം പറഞ്ഞും ഒക്കെയാ . അതൊന്നുമില്ലാതെ നീ കൊണ്ടുപോയി പട്ടണത്തില്‍ നിലം തൊടാതെ ഇരുത്തിയാല്‍ ഒരാഴ്ച കൊണ്ട് അമ്മ കിടപ്പാവും." ഇത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.

    കറുത്ത പ്രതലത്തില്‍ വെളുത്ത അക്ഷരം വായിച്ചെടുക്കാന്‍ അല്പം പ്രയാസം തോന്നി.

    ReplyDelete
  6. Eniq muthassantem muthassiyudem saameepyam kittiyittilla. avarokke marichathinu shesham aanu ente ammayude kalyaanam thanne nadannathu. Athukondu thanne ente ammayum muthassiyum okke oraal aayirunnu. ente ammaye njaan sneham koodumbol 'ammu/ammukkutty' ennu vilikkaarundu.. :D

    Gundoos

    ReplyDelete
  7. Sad to hear that. You miss her, I know. It is hard to lose a friend/philosopher/guide like Ammu. She was much more than just a granny to you. But keep the lessons you learned from her, and let that guide you forward in your life!

    Condolences!
    -MWS

    ReplyDelete
  8. അനുവിന്റെ പോസ്റ്റും ഇപ്പോൾ വായിച്ചു കഴിഞ്ഞതേ ഉള്ളു...
    ഓർമ്മകൾക്ക് എന്തു സുഗന്ധം...എന്നാത്മാവിൻ നഷ്ടസുഗന്ധം...

    സസ്നേഹം,
    പഥികൻ

    ReplyDelete
  9. Ansal Meeran Shukoor : thats very true. in old age , people become kids again. thanks ansal for the read and your comment.

    ReplyDelete
  10. പൊട്ടന്‍ : നന്ദി , വായനക്കും വാക്കുകള്‍ക്കും .

    ReplyDelete
  11. പ്രഭന്‍ കൃഷ്ണന്‍ : നന്ദി . കാ‍ന്താരി അമ്മുവിന് എന്‍റെ സ്നേഹം .

    ReplyDelete
  12. anupama : നന്ദി ഒരു ബ്ലോഗ്‌ കമന്‍റില്‍ ഒതുങ്ങില്ല .

    ReplyDelete
  13. പട്ടേപ്പാടം റാംജി : വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി . വായനയില്‍ ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് . ഇപ്പൊ കുഴപ്പമില്ല എന്ന് പ്രതീക്ഷിക്കുന്നു

    ReplyDelete
  14. ഗുണ്ടൂസ് : എനിക്കറിയാം . അമ്മുക്കുട്ടി എന്നാ പേര് അമ്മയ്ക്ക് നന്നായി ചേരും , ഞാന്‍ ഒന്ന് visualise ചെയ്തു നോക്കി :D

    ReplyDelete
  15. Manusmrithi : Thanks manu. you know, what was the best thing i learned from ammu ? respectability is a trap , it ll not allow you to live your own life.

    ReplyDelete
  16. പഥികന്‍ : നന്ദി . സ്നേഹം .

    ReplyDelete
  17. വാര്‍ധക്യത്തിന്റെ ആകുലതകളറിയാനും വേര്‍പാടുകളെ മനസ്സിലാക്കുവാനും കഴിയുന്ന മനസ്സിന് ആശംസകള്‍.......

    ReplyDelete
  18. ന്റെ മുത്തശ്ശി മരിച്ചപ്പോള്‍ ഞാനും അറിഞ്ഞതാണ് ഈ വിഷമം ..ആ വേര്‍പാട് ശരിക്കും നിക്ക് നഷ്ട്ടം തന്നെയാണ്...കാരണം തറവാട് നോക്കാന്‍ ആളില്ലാതെ നശിച്ചു തുടങ്ങി ..എല്ലാരും അവരവരുടെ കാര്യം നോക്കി പട്ടണങ്ങളില്‍ ചേക്കേറി ...വല്ലപ്പോളും മാത്രം എല്ലാരും ഒന്നിക്കും തറവാട്ടില്‍ ...പഴേ ഓര്‍മ്മകള്‍ സങ്കടം ഉണ്ടാക്കും അപ്പോള്‍ ...എല്ലാരും വരും അതേപോലെ തിരിച്ചും പോകും ...മുത്തശ്ശി ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അവധിക്കു ഒന്നിച്ചു കൂടും .....എന്ത് രസാണ് അപ്പോള്‍ ..സത്യത്തിനു ഇപ്പോള്‍ അതൊക്കെ ഓര്‍ത്തു പോയി ട്ടോ ?..
    പിന്നെ അമ്മു അതെനിക്ക് വലിയ ഇഷ്ടമുള്ള പേരാണ് ട്ടോ ...ന്റെ കുട്ടി പെണ്ണായാല്‍ അതിടാന്‍ വച്ചിരുന്നതാണ് പക്ഷെ ആണായി അതുകൊണ്ട് അക്കു എന്നിട്ടു..

    ReplyDelete
  19. മനോജ്‌ കെ ഭാസ്കര്‍ : നന്ദി മനോജ്‌ .

    ReplyDelete
  20. നല്ല അവതരണം ...ഈ അമ്മു ചോദിച്ച അതെ ചോദ്യം പല നാവിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്."നിന്റെ കാലം കഴിഞ്ഞാൽ......"ഇന്നു ജീവിതം തുടങ്ങുന്നതിനുമുൻപ് തന്നെ ജീവിതം മടുക്കുന്നവർക്ക് ഉത്തേജകമാകേണ്ട ഇതുപോലെയുള്ള വാക്കുകൾ ഇന്നു കേൾക്കാനില്ല. ജീവിക്കാൻ പ്രോൽസാഹനമായിരുന്ന അമ്മുമാരേയും അപ്പുമാരേയും നമിക്കുന്നു.

    ഓർമ്മകൾ പുതുക്കാൻ സഹായിച്ച ഈ എഴുത്തുകാരിക്കും നന്ദി.

    ReplyDelete
  21. " മക്കളേ നിന്‍റെ കാലം കഴിഞ്ഞാല്‍ പിന്നെ എന്നെ ആര് നോക്കും ?".
    എങ്ങിനെ ഈ അമ്മൂമയെ മറക്കാന്‍ കഴിയും.

    ReplyDelete
  22. അഭിനന്ദനങ്ങള്‍...

    ReplyDelete