Wednesday, April 20, 2011

നീ ആരാണെന്ന് നീ തന്നെ കാണിക്കുമ്പോള്‍ ...

കുതിരവട്ടം  പപ്പുവിനെക്കുറിചല്ല . ഇത് സംഭവം വേറെയാ .

2008 എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ വര്‍ഷം ആയിരുന്നു . ദൈവമേ , എന്ത് കൊണ്ട് ഞാന്‍ ? എന്ന് ഞാന്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരുന്നു.  ചോദ്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ച്   ഞാന്‍ ഒരു വിദേശവാസത്തിനു പോയി, എന്റെ സഹോദരങ്ങള്‍ താമസിക്കുന്ന ദുബായിലേക്ക് .

പകല്‍ സമയം മുഴുവന്‍ വെറുതെ ഇരുന്നു ബോറടിച്ചിട്ട് ഞാന്‍ ചില ഹോബി കോഴ്സുകള്‍ക്ക് ചേര്‍ന്നു. അവിടെ ചെന്നപ്പോഴാണ് എന്നില്‍ ഒളിച്ചിരുന്ന രാജാരവിവര്‍മയെ ഞാന്‍ പോലും തിരിച്ചറിഞ്ഞത് . ആ കഥ പിന്നീട് പറയാം . ഇപ്പൊ പറയാന്‍ പോവുന്നത് ഒരു പട്ടി ചന്തയ്ക്ക് പോയ കഥയാണ്‌ .

എന്റെ കൂട്ടുകാരില്‍ ചിലരോടെങ്കിലും ഞാന്‍ ഇത് പറഞ്ഞിട്ടുണ്ടാവും . രണ്ടാം വാരം ഓടിക്കുന്നതില്‍ ക്ഷമിക്കണം . ഇനി പറയില്ല .

ഹോബി ക്ലാസ്സില്‍ എനിക്കൊരു സുഹൃത്തിനെ കിട്ടി . ഒരു നല്ല പെണ്‍കുട്ടി . സംസാരിച്ചു വന്നപ്പോ എനിക്ക് മനസിലായി അവളും എന്നെപ്പോലെ ഒരു ചോദ്യം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ദുബായിലേക്ക് വന്നതെന്ന്‍. അവള്‍ ഒരാളെ സ്നേഹിച്ചിരുന്നു . അതും ഒന്നോ രണ്ടോ ദിവസമോ ആഴ്ചകളോ  മാസങ്ങളോ അല്ല . നീണ്ട 8 വര്‍ഷം. ഇപ്പൊ സങ്കടത്തില്‍ നിന്ന്‍ ഒരുവിധം പുറത്തു വന്നു കഴിഞ്ഞത് കൊണ്ട് , അതിനെക്കുറിച്ചൊക്കെ സംസാരിക്കാന്‍ അവള്‍ തയ്യാറായി .

"തുടക്കത്തില്‍ എനിക്ക് അയാളെ അത്ര താല്‍പര്യമുണ്ടായിരുന്നില്ല . അയാള്‍ ഒരു gentleman ആയിരുന്നു . എന്റെ ഒരു പകുതിക്ക് അയാളെ ഇഷ്ടമായിരുന്നു . അപ്പോഴും മറ്റേ  പകുതി  വിലക്കിക്കൊണ്ടിരുന്നു  - നല്ലവനായിരിക്കാം , പക്ഷേ  ആത്മവിശ്വാസം  കുറഞ്ഞവനാണ് , സ്വന്തം  നിലപാടില്‍   ഉറച്ചുനില്‍ക്കാന്‍ തന്റെടമില്ലാത്തവനാണ് . പറഞ്ഞിട്ടെന്താ , വീണുപോയി. falling  in  love എന്നല്ലേ പറയാറുള്ളത്, അതൊരു വീഴ്ച തന്നെയാണ് ! എഴുന്നേല്‍ക്കാന്‍ വല്യ പ്രയാസമാ . അങ്ങനെ എട്ടു വര്‍ഷം . അവസാനം വീട്ടുകാരെ എതിര്‍ക്കാനുള്ള ധൈര്യം ഇല്ലാതിരുന്നത് കൊണ്ട് അയാള്‍ പിന്‍വാങ്ങി .
അയാളെ കുറ്റം പറയേണ്ട കാര്യമില്ല , എനിക്ക് ആദ്യമേ തന്നെ അറിയാമായിരുന്നതാണ് . ഒരാള്‍ എന്താണെന്ന് അയാള്‍ സ്വയം കാണിക്കുമ്പോള്‍  , നമ്മള്‍ അത് മനസിലാക്കണം . നമ്മുടെ സ്വാധീനം കൊണ്ട് നാളെ അയാള്‍ മെച്ചപ്പെടും എന്ന് വിചാരിക്കരുത് . അടിസ്ഥാന സ്വഭാവങ്ങള്‍ മാറില്ല . ധൈര്യം , ആത്മാര്‍ത്ഥത ഒക്കെ അടിസ്ഥാന സ്വഭാവങ്ങള്‍  ആണ് ".

ഒരു ജോലി നേടി കുറച്ചു നാള്‍ ദുബായില്‍ കഴിയണം എന്ന ആഗ്രഹം പറഞ്ഞപ്പോള്‍ അവളെ ഒന്ന് സഹായിക്കാന്‍ എനിക്ക് തോന്നി . എന്റെ ചേട്ടന്റെ ഓഫീസില്‍ റിക്രൂട്ട്മെന്റ് നടക്കുകയായിരുന്നു . അവിടെ അവള്‍ക്ക് ജോലിയായി . 6 മാസം പ്രൊബേഷന്‍ . രണ്ടാഴ്ച കഴിഞ്ഞതേയുള്ളൂ . ഒരു ദിവസം രാത്രി അവള്‍ടെ ഫോണ്‍ . അവളെ പിരിച്ചു വിട്ടു . എനിക്കാകെ വിഷമമായി. ചേട്ടനോട് ചോദിച്ചു .

"അവള്‍ടെ പെര്‍ഫോമന്‍സ്  തൃപ്തികരമല്ല .ജോലി ചെയ്യാന്‍ ആ കുട്ടിക്ക് തീരെ താല്പര്യമില്ല ."

"പക്ഷേ വെറും രണ്ടാഴ്ച്ചയല്ലേ ആയിട്ടുള്ളൂ , ഒരാള്‍ക്ക് കഴിവ് തെളിയിക്കാനുള്ള ഒരു അവസരം കൊടുക്കണ്ടേ ? ഇന്റര്‍വ്യൂ  ചെയ്തിട്ട്   ചേട്ടന്‍ തന്നെയല്ലേ പറഞ്ഞത് അവള്‍ മിടുക്കിയാണ്, നല്ല അറിവുള്ള കുട്ടിയാണ് എന്നൊക്കെ  " ഞാന്‍ തര്‍ക്കിച്ചു .

"അതെല്ലാം ശരി തന്നെയാണ് . പക്ഷേ ഒരു പുതിയ ജോലിയില്‍ , ആദ്യത്തെ രണ്ടാഴ്ചയില്‍ ചെയ്യുന്നതിനേക്കാള്‍ നന്നായി പിന്നീടൊരിക്കലും ഒരാള്‍ പെര്‍ഫോം ചെയ്യില്ല . ആളുകള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയും കൂടുതല്‍ അറിവുള്ളവരാകുകയും ചെയ്യും , പക്ഷേ  പെട്ടെന്നൊരു ദിവസം അവര്‍ക്ക് കൂടുതല്‍ ഉത്സാഹം ഉണ്ടാകുകയും അവര്‍ കഠിനാധ്വാനം ചെയ്യാന്‍ തുടങ്ങുകയുമില്ല .  ഒരാള്‍ എന്താണെന്ന് അയാള്‍ സ്വയം കാണിക്കുമ്പോള്‍  , നമ്മള്‍ അത് മനസിലാക്കണം. അടിസ്ഥാന സ്വഭാവങ്ങള്‍ മാറില്ല . ജോലി ചെയ്യാനുള്ള ഉത്സാഹം ഒരു  അടിസ്ഥാന സ്വഭാവമാണ് ."

കൂടുതല്‍ സമയം അവിടെ നിന്ന് കറങ്ങിയിട്ട് കാര്യമില്ലാത്തത് കൊണ്ട് , ഞാന്‍ പോയിക്കിടന്നുറങ്ങി .

Monday, April 18, 2011

എങ്ങനെയാണ് ജൂലിയ റോബര്‍ട്സ് എന്‍റെ പ്രണയം തകര്‍ത്തത് ?!

രണ്ടു മൂന്നു ദിവസം എഴുതിയപ്പോഴെയ്ക്ക് ഞാന്‍ ക്ഷീണിച്ചു . മാത്രമല്ല എഴുതാന്‍ ഒരു ടോപിക് കിട്ടുന്നുമില്ല . വിഷയദാരിദ്ര്യം . ഇനി ഒന്ന് വിശ്രമിച്ച ശേഷം എഴുതാം എന്ന് കരുതിയിരുന്നപ്പോഴാണ്‌ ഇന്നലെ രാത്രി വര്‍ഗീസ് വിളിച്ചു ഒരു സങ്കടം പറയുന്നത് . അത് കേട്ടതോടെ എന്‍റെ ക്ഷീണം പമ്പയും കടന്നു ശബരിമല ചവിട്ടി . ഒരാള്‍ടെ സങ്കടം കേട്ടപ്പോ എന്തൊരു സന്തോഷം !!!

ഇവിടെ തകര്‍ന്നത് എന്‍റെ പ്രണയം അല്ല കേട്ടോ , വര്‍ഗീസിന്‍റെയാണ് . എന്‍റെ ബാല്യകാലസുഹൃത്താണ് വര്‍ഗീസ്. സ്കൂള്‍ കഴിഞ്ഞപ്പോ അവന്‍  അമേരിക്കയിലേക്ക്‌ പോയി . അവന്‍റെ കുടുംബം അങ്ങോട്ട്‌ കുടിയേറിയിരുന്നു. ഞാന്‍ ഒരുപാട് സങ്കടപ്പെട്ടു അന്ന് . വര്‍ഗീസ് ഇല്ലാത്ത കാറ്റാടിമുക്ക് എനിക്ക് സങ്കല്പിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. ഞാന്‍ തിരുവനന്തപുരത്തും കൊച്ചിയിലും അലഞ്ഞു നടന്നപ്പോ ,അവന്‍ ടെക്സാസ് , ഹൂസ്ടന്‍ എന്നൊക്കെ പറഞ്ഞു എന്നെ വിരട്ടി . പിന്നെ എപ്പഴോ ആ സൌഹൃദം അങ്ങ് നേര്‍ത്തു നേര്‍ത്തു ഇല്ലാതെയായി . കണ്ണ് അകലുമ്പോ മനസ് അകലും എന്ന് എന്‍റെ അമ്മമ്മ സമാധാനിപ്പിച്ചു .

അങ്ങനെ കണ്ണും മനസും പൂര്‍ണമായും അകന്നിരിക്കുന്ന ഒരു സമയത്താണ് സോഷ്യല്‍ നെറ്റ് വര്‍കിംഗ് എന്നൊരു പ്രതിഭാസം ഉണ്ടാകുന്നതും  വര്‍ഗീസ് എന്നെ വലയിട്ടു പിടിക്കുന്നതും . എത്ര പെട്ടെന്നാണ് ഞങ്ങള്‍ വീണ്ടും കാറ്റാടിമുക്കിലെ ആ പഴയ ചങ്ങാതികളായത്‌ . ഇപ്പൊ അവന്‍ ഫ്ലോറിഡയില്‍ ജോലി ചെയ്യുന്നു .

ഇത്രയും ആമുഖം പോരെ വര്‍ഗീസ് ആരാണെന്നറിയാന്‍ ?ഇനി ഞാന്‍ ചിരിച്ചു തലകുത്തിയ അവന്‍റെ സങ്കടം പറയാം. അവന്‍റെ തന്നെ വാക്കുകളില്‍ പറയാം . എന്നാലേ സംഭവത്തിന്‍റെ ഒരു ...ഇത് നിങ്ങള്‍ക്ക് പിടി കിട്ടൂ . over to vargeese ->

"ഒരു വര്‍ഷമേ ആയിട്ടുള്ളൂ ഞാന്‍ ഇവിടെ (ഫ്ലോറിഡ) വന്നിട്ട് . കുറെ വര്‍ഷങ്ങളായി പഠിത്തം , ജോലി ഒക്കെ ആയിട്ട് ഒറ്റക്കാണ് താമസം . അച്ഛനും അമ്മയും കൂടെയില്ലാത്തപ്പോ കുട്ടികള്‍ പാഴായിപ്പോവില്ലേ എന്നൊക്കെ ഞാന്‍ അങ്ങ് സമാധാനിക്കുകയാണ് , കാരണം ഞാന്‍ ഒത്തിരി പാഴായിപ്പോയി . ഇവിടെ വരുന്നതിനു മുന്‍പ് ഞാന്‍ കാലിഫോര്‍ണിയയിലാണ്   ജോലി ചെയ്തിരുന്നത് . ഓഫീസ് വിട്ടാല്‍ പിന്നെ മുഴുവന്‍ സമയവും ഞാന്‍ പെണ്ണുങ്ങളുടെ കൂടെയായിരുന്നു . 'പെണ്ണിന്‍റെ' എന്നല്ല , 'പെണ്ണുങ്ങളുടെ' എന്ന് തന്നെയാ ഞാന്‍ പറഞ്ഞത് . എത്രത്തോളം പെണ്ണുങ്ങള്‍ , എത്രത്തോളം സമയം എന്നൊന്നും എനിക്ക് തന്നെ അറിയില്ല .

പെട്ടെന്നൊരു ദിവസം അതെല്ലാം മടുത്തു . ഞാന്‍ ആ സ്ഥലം വിട്ടു , ഫ്ലോറിഡയിലേക്ക് വന്നു . എന്ന് വെച്ച് ഞാന്‍ ഒരു ആത്മീയന്‍ ആയി എന്നൊന്നും നീ കരുതണ്ട . പെണ്ണുങ്ങളുടെ എണ്ണവും അതിനൊക്കെ വേണ്ടി ചെലവാക്കുന്ന സമയവും  കുറച്ചു .  ഞാന്‍ വെറും 2 പെണ്ണുങ്ങളില്‍ ചെന്നവസാനിച്ചു .

നീ സുവിശേഷം തുടങ്ങണ്ട . എനിക്ക് ഒരു പെണ്ണിനെ സ്നേഹിച്ച് , അവളെ കല്യാണം കഴിച്ച് ... അങ്ങനെ ഒന്നും തോന്നുന്നില്ല മനസ്സില്‍ . തോന്നുമ്പോ ഇതൊക്കെ നിര്‍ത്തും . ഇത് വരെ തോന്നുന്നില്ല . ഇതൊക്കെ ഒരു നേരംപോക്ക് . ജോലിയുടെ ടെന്‍ഷന്‍ കുറയും , ജീവിതം ഒന്ന് രസമാവും , അത്രയേ ഉള്ളൂ . അങ്ങനെ എന്തായാലും 2 പെണ്ണുങ്ങള്‍ .

കുറച്ചു ദിവസം കഴിഞ്ഞപ്പോ എനിക്ക് തോന്നിത്തുടങ്ങി , അവരില്‍ ഒരു പെണ്ണിന്- മിഷേല്‍  - എന്നോട് ലേശം ഇഷ്ടക്കൂടുതല്‍ ഉണ്ടെന്ന് . എന്ന് വെച്ചാല്‍ എനിക്ക് അങ്ങോട്ടുള്ളതിനേക്കാള്‍ ഒരിത്തിരി ഇഷ്ടം കൂടുതല്‍ അവള്‍ക്ക് ഇങ്ങോട്ടില്ലേ എന്നൊരു സംശയം . അതെനിക്കിഷ്ടമല്ല . നമ്മള്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ തിരിച്ചു കിട്ടുമ്പോ , നമുക്ക് അവിടെ ഒരു കടം ഉണ്ടാവുകയല്ലേ? ഞാന്‍ കുറച്ചു അസ്വസ്ഥനായി . ഈ സൌഹൃദത്തില്‍ നിന്ന് ഞാന്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അവളും അങ്ങനെ പ്രതീക്ഷിക്കരുതെന്നും ഞാന്‍ തീര്‍ത്തു പറഞ്ഞു . അങ്ങനെ ഞങ്ങള്‍ തുടര്‍ന്നു.

അപ്പോഴേക്ക് ഞാന്‍ എന്‍റെ ജീവിതത്തിനു ലേശം ഒരു അടുക്കും ചിട്ടയും ഒക്കെ ഉണ്ടാക്കി എടുക്കാന്‍ തുടങ്ങിയിരുന്നു . ഒരാഴ്ചയിലെ 168 മണിക്കൂറും സുഹൃത്തുക്കള്‍ക്ക് നല്‍കാന്‍ തയ്യാറായിരുന്ന ഞാന്‍ അതൊക്കെ മാറ്റി . ശനിയാഴ്ച രാത്രി വീട്ടില്‍ എത്തിയാല്‍ പിന്നെ അടുത്ത ദിവസം വൈകുന്നേരം 3 മണി വരെയുള്ള സമയം  എനിക്കായി (എനിക്ക് മാത്രമായി ) മാറ്റി വെച്ചു. എല്ലാ കൂട്ടുകാരെയും സഹപ്രവര്‍ത്തകരെയും അത് അറിയിക്കുകയും ചെയ്തു . സ്വകാര്യത എനിക്ക് പ്രിയപ്പെട്ടതായിത്തുടങ്ങി . ഞായറാഴ്ചകളില്‍   ഞാന്‍ എന്‍റെ വീട്ടില്‍ ഉറക്കമെഴുന്നെല്‍ക്കുകയും  ആഹാരം ഉണ്ടാക്കുകയും , മുന്‍പെങ്ങുമില്ലാത്ത ഒരു സന്തോഷത്തോടെ ടി.വി കണ്ടുകൊണ്ടിരുന്ന്‍ അത് കഴിക്കുകയും ചെയ്തു .

അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച രാവിലെ ഡോര്‍ ബെല്‍ അടിക്കുമ്പോ എനിക്ക് എത്ര ദേഷ്യം / നിരാശ വന്നു കാണുമെന്നു നിനക്ക് ഊഹിക്കാമല്ലോ . വാതില്‍ തുറന്നു നോക്കുമ്പോ മിഷേല്‍ -

"ഞാന്‍ ഇവിടെ അടുത്തൊരു സ്ഥലത്ത് വന്നപ്പോ നിന്നെയും കൂടി ഒന്ന് കണ്ടേക്കാമെന്ന് വെച്ചു , ബുദ്ധിമുട്ടായില്ലല്ലോ ? "

ബുദ്ധിമുട്ടായില്ലല്ലോന്ന്‌ ?! ദോശ മറിച്ചിടാനുള്ള ചട്ടുകം കൈയില്‍ പിടിച്ചാണ് ഞാന്‍ നില്‍ക്കുന്നത് , അത് വെച്ചു ഒന്നങ്ങു കൊടുക്കാന്‍ തോന്നി . പക്ഷെ ഞാന്‍ അത്ര മര്യാദ ഇല്ലാത്തവന്‍ ആവരുതല്ലോ .

"സോറി , സത്യത്തില്‍ ലേശം ബുദ്ധിമുട്ടായി, ഞാന്‍ പാചകം ചെയ്യുകയാണ് .ഞായറാഴ്ച രാവിലെ  മാത്രമാണല്ലോ എനിക്ക് സ്വന്തമായി കിട്ടുന്ന സമയം. "

എന്‍റെ ശബ്ദത്തില്‍ മര്യാദ കൂടിപ്പോയോ എന്നറിയില്ല , അവള്‍ ഞാന്‍ പറഞ്ഞത് കേള്‍ക്കാത്തപോലെ ഇടിച്ചു മറിച്ചു അങ്ങ് അകത്തേയ്ക് കയറിവന്നു. അടുപ്പില്‍   കരിഞ്ഞുപോയ ദോശയെയും എന്‍റെ പ്രിയപ്പെട്ട ഞായറാഴ്ച സിനിമയെയും കുറിച്ചോര്‍ത്തപ്പോ , അധികം മര്യാദ കാണിക്കണ്ട എന്ന് ഞാന്‍ തീരുമാനിച്ചു . അവള്‍ അല്ലേ എന്‍റെ സ്വകാര്യത തകര്‍ത്തു കയറി വന്നത് !

ഞാന്‍ അടുക്കളയില്‍ പോയി ദോശ എടുത്ത്, ടി.വി യുടെ മുന്നില്‍ വന്നിരുന്നു .

കഴിക്കുകയും ടി.വി യിലേക്ക് നോക്കുകയും ഇടയ്ക്ക് അവളോട് വര്‍ത്തമാനം പറയുകയും ചെയ്തു . എനിക്ക് താല്പര്യമില്ല എന്ന് കാണുമ്പോ അവള്‍ അങ്ങ് പോവുകയല്ലേ വേണ്ടത് ? പോയില്ലെന്നു മാത്രമല്ല , കഷ്ടകാലത്തിന് , എന്‍റെ രസക്കേട് മാറ്റി എന്നെ ഒന്ന് സന്തോഷിപ്പിച്ചു കളയാം എന്ന് അവള്‍ക്ക് തോന്നുകയും ചെയ്തു  .

അവള്‍ അടുത്തേയ്ക്ക് വന്ന് എനിക്ക് ഒരുമ്മ തന്നു . ആ നിമിഷം ടി.വി യില്‍ 'പ്രെറ്റി വുമന്‍ (pretty woman )' എന്ന എന്‍റെ പ്രിയപ്പെട്ട സിനിമ . ' ഐ ലവ് ജൂലിയ റോബര്‍ട്സ് ' ഞാന്‍ പറഞ്ഞു .
  
അതിനെന്താ കുഴപ്പം എന്നോ ? ആ സീന്‍ ശരിക്കും ഇങ്ങനെ ആയിരുന്നു -മിഷേല്‍ അടുത്തേക്ക് വന്ന്‍ എന്നെ ഉമ്മ വയ്ക്കുന്നു
ഞാന്‍ (ടി.വി യിലേക്ക് ഒളി കണ്ണിട്ടു നോക്കി )     -    ആഹ്.. ഐ ലവ് ...
മിഷേല്‍     -      ഐ ലവ് യു ററൂ
ഞാന്‍        -       ...ജൂലിയ റോബര്‍ട്സ് !!! (വായില്‍ നിന്നങ്ങു വീണു പോയി )

സത്യം , ഞാന്‍ മനപൂര്‍വം പറഞ്ഞതല്ല . ഞാന്‍ അത്രക്ക് മര്യാദ ഇല്ലാത്തവനല്ല, കര്‍ത്താവാണേ സത്യം . ഞാന്‍ പറഞ്ഞുതീരും മുന്‍പ് മിഷേല്‍ മറുപടി പറഞ്ഞു , അത് കേള്‍ക്കും മുന്‍പ് ഞാന്‍ ബാക്കി പറഞ്ഞുപോയി . ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു  . ബാക്കി എന്താണെന്ന് ഞാന്‍ പറയേണ്ടല്ലോ."

ഹോ... ഹോ ...  വര്‍ഗീസിന്‍റെ സങ്കടം കേട്ട് എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല , ചൂടാറും മുന്‍പ് നിങ്ങളോട് അത് പറഞ്ഞേക്കാം എന്ന് കരുതി . വിശ്രമിക്കാന്‍ ഇനിയും സമയമുണ്ടല്ലോ .
Sunday, April 17, 2011

ഒന്ന് പറഞ്ഞിട്ട് പോകൂ

ഇന്നത്തെ വിഷയവും ബന്ധങ്ങള്‍ തന്നെയാണ് , അതും തകരുന്ന ബന്ധങ്ങള്‍. ഇതെന്താ വേറെ ഒന്നും പറയാനില്ലേ  ? 

എന്‍റെ വളരെ അടുത്ത രണ്ടു സുഹൃത്തുക്കള്‍ ഇഷ്ടത്തിലായി . അങ്ങനെ വല്യ ഒരു പ്രണയം എന്നൊന്നും പറഞ്ഞൂട , എന്നാലും ഒരിഷ്ടം . അവധി ദിവസങ്ങളില്‍ അവര്‍ കാണുകയും ഒരുമിച്ചു  സമയം ചെലവഴിക്കുകയും ചെയ്തു .  ഒരുമിച്ചു ആഹാരം കഴിക്കുകയും വായിച്ച പുസ്തകങ്ങളെയും  കേട്ട പാട്ടുകളേയും കുറിച്ച് അഭിപ്രായങ്ങള്‍ പറയുകയും സിനിമ കാണുകയും ചെയ്തു . അവര്‍ രണ്ടുപേരും അത് ഇഷ്ടപ്പെടുകയും ചെയ്തുകാണണം.

ഒരു 2 -3 മാസം അങ്ങനെ പോയി . ആ ബന്ധത്തിന് ഒരു ഭാവിയില്ലെന്ന് പയ്യന് തോന്നിത്തുടങ്ങി. എന്തോ ഒരു ...ഒരു ... അത് തന്നെ . നിങ്ങള്‍ക്ക് കാര്യം മനസിലായല്ലോ . അങ്ങനെ അവന്‍ എന്‍റെ വിദഗ്ധോപദേശം തേടി. നേരെ ചൊവ്വേ കാര്യം പറയുന്നതല്ലേ നല്ലത് ? ഇപ്പോഴേ താല്പര്യമില്ലാത്ത ഒരു ബന്ധം ഭാവിയിലേക്ക് വലിച്ചിഴച്ചു കൂട്ടിക്കുഴയ്ക്കണോ എന്ന് ഞാന്‍ ചോദിച്ചു . അത് എന്‍റെ മാത്രം അഭിപ്രായം . പയ്യന് ഇഷ്ടം പോലെ ചെയ്യാം , അല്ലേ ?

അടുത്ത ഞായറാഴ്ച പതിവുപോലെ അവന്‍ പെണ്‍കുട്ടിയെ കണ്ടു . അവളുടെ സൌഹൃദം അവനു വളരെ വിലപ്പെട്ടതാണ്‌ പക്ഷെ ബ്ലാ ബ്ലാ ബ്ലാ ... കൃത്യമായും അവന്‍ പറഞ്ഞ വാക്കുകള്‍ എന്താണെന്ന് എനിക്കറിയില്ലല്ലോ . അല്ലെങ്കില്‍ അതില്‍ അത്ര കാര്യവുമില്ല . അവര്‍ തമ്മില്‍ ഒരുമിച്ചൊരു ജീവിതം ജീവിക്കാന്‍ വേണ്ടത്ര ചേര്‍ച്ചയില്ല എന്ന് അവന്‍ പറഞ്ഞു. നന്മയും അനുകമ്പയുമുള്ള ആ പയ്യന്‍ ഒരിക്കലും പെണ്‍കുട്ടിയെ വേദനിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കുകയോ അവളെ കുറ്റപ്പെടുത്തുകയോ ഇല്ല എന്ന് എനിക്കുറപ്പാണ് . അല്ലെങ്കില്‍ അവന്‍ അങ്ങനെ ചെയ്തു കാണില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു .

എന്ത് തന്നെ ആയാലും  പെണ്‍കുട്ടി ആകെ വെകിളി പിടിച്ചപോലെ പെരുമാറുകയും പയ്യനെ  കഴിയും വണ്ണം അപമാനിക്കുകയും ചെയ്തു . "ഒന്നും പറയാതെ താന്‍ അങ്ങ് പോവുകയായിരുന്നില്ലേ ഇതിലും നല്ലത് ?" എന്ന് അവള്‍ ചോദിച്ചു . അങ്ങനെ ആ സംഭവത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും നേരെ എന്‍റെ തലയിലേക്ക് വന്നു വീണു .  ( അത് ഒരു അലങ്കാരമായിക്കിടക്കട്ടെ , തലയ്ക്കു അകത്തോ ഒന്നുമില്ല എന്നാണോ നിങ്ങള്‍ ഇപ്പൊ വിചാരിച്ചത് ? )

ഞാന്‍ പറഞ്ഞതില്‍ തെറ്റില്ല എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു . നമ്മളോട് അടുപ്പമുള്ള ഒരാള്‍ ഒരു ദിവസം അങ്ങ് മാഞ്ഞുപോയാല്‍ നമുക്കെന്തു തോന്നും? ഒന്നും പറയാതെ ഒരു സൂചന പോലും തരാതെ അങ്ങ് അപ്രത്യക്ഷനാകുന്നു . ഒന്നും അറിയാന്‍ കഴിയാതെ ഒറ്റയ്ക്ക് നമ്മള്‍ വേദനയില്‍ ഉഴറി നടക്കും , അല്ലേ ? ഓരോ ഫോണ്‍ കോളും വരുമ്പോ നമ്മുടെ ഹൃദയം കുതിച്ചു ചാടും , ഓരോ കാലടി ശബ്ദവും അയാളെന്നു കരുതി നമ്മള്‍ ശ്വാസം അടക്കി കാതോര്‍ക്കും . ആ വേദനയേയും നിരാശയേയും അപേക്ഷിച്ച് എത്രയോ നല്ലതാണ് സത്യം അറിയാനും അംഗീകരിക്കാനും  കഴിയുന്നത്‌ .

ഈ മാഞ്ഞുപോകല്‍ പ്രണയത്തില്‍ മാത്രമല്ല ,സൌഹൃദത്തിലും സംഭവിക്കാറുണ്ട് .എനിക്കും ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ട്,ഒന്നും പറയാതെ ഒരു വിഷമ സാഹചര്യം ഒഴിവാക്കി അങ്ങ് മുങ്ങിക്കളയാം എന്ന്. പക്ഷെ വീണ്ടും ആലോചിച്ചപ്പോ , അത് ശരിയല്ല. ഞാന്‍ നിങ്ങള്‍ക്ക്   ഒരു വിശദീകരണം തരാന്‍ ബാധ്യസ്ഥയല്ലായിരിക്കാം, എന്നാലും ഒന്ന് പറഞ്ഞിട്ട് പോണം . പറഞ്ഞിട്ട് തന്നെ പോണം . അല്ലെങ്കില്‍ നിങ്ങള്‍ ആലോചിച്ചു തലപുകയില്ലേ (നിങ്ങള്‍ എല്ലാവരും എന്നെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണ് എന്നല്ല !!!)

അതുകൊണ്ട് അടുത്ത പ്രാവശ്യം ഒരു ബന്ധം വിട്ടുപോവുമ്പോ വെറുതെയങ്ങു മാഞ്ഞുപോകരുത് . നേരിട്ടുപറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട , ആ ഫോണ്‍ എടുത്തു ഒന്ന് വിളിക്കൂ .

Saturday, April 16, 2011

happily single

സിഡ്നിയില്‍ താമസിക്കുന്ന സുഹൃത്ത് മീനയോട്  ഞാന്‍ ചോദിച്ചു 'കുഞ്ഞേ കല്യാണം കഴിക്കണ്ടേ ?' 
'ഓ, എന്തിനാ വെറുതെ മേനക്കെടുന്നേ ? ഞാന്‍ ഇവിടെ ഹാപ്പിലി സിംഗിള്‍ ആയി കഴിഞ്ഞോട്ടെ . മൂന്നു പേരെ പ്രണയിച്ചു . തമാശയല്ലെന്നേ. കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചാണ് ഓരോ ബന്ധവും തുടങ്ങുന്നത് . പക്ഷെ ഒന്നും എങ്ങും എത്തിയില്ല . കുറെ നാള്‍ സങ്കടം ഒക്കെ തോന്നിയിരുന്നു . ഇപ്പൊ എല്ലാം മാറി .സന്തോഷം...സമാധാനം !'                                          
                                                                                        
ഞാന്‍ ചെറുതായി ഒന്ന് ഞെട്ടി . മലയാളിയല്ലേ , ഞെട്ടാതിരിക്കാന്‍ പറ്റുമോ ? ഒന്ന് കൂടി ആലോചിച്ചപ്പോ , മീന പറഞ്ഞതല്ലേ ശരി ? അല്ലെങ്കില്‍ അതിലും എന്തോ ഒരു ശരിയില്ലേ ?

ബന്ധങ്ങളുടെ തകര്‍ച്ചയിലൂടെ  മിക്കവാറും എല്ലാ മനുഷ്യരും ജീവിതത്തില്‍ ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍  കടന്നു പോയിട്ടുണ്ടാവും. ചിലര്‍ തകര്‍ക്കുന്നു , മറ്റു ചിലര്‍ തകരുന്നു . അങ്ങനെ വലിയ ഒരു തകര്‍ച്ചയില്‍ നിന്ന് കര കയറിയിട്ടെയുള്ളൂ  ഈ ഞാന്‍. അപ്പോഴും ചിലര്‍ കര കയറുന്നു , മറ്റു ചിലര്‍ കയത്തില്‍ വീണു മരിക്കുന്നു.

ഓരോ പ്രാവശ്യവും അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോവുമ്പോ , അതില്‍ നിന്ന് ഒരു പാഠം പഠിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ഇത് പറയുമ്പോഴും  എനിക്കറിയാം അങ്ങനെ പഠിക്കേണ്ടി വരുന്നത് ഗതികേടാണ് , എന്നിട്ടും എനിക്ക് അത് കഴിഞ്ഞു , ഞാന്‍ മുന്നോട്ടു പോയി. ദൈവമേ ...ദൈവമേ...

തകര്‍ന്നതിന്‍റെ സങ്കടത്തിലും തകര്‍ത്തതിന്‍റെ കുറ്റബോധത്തിലും നിന്ന് രക്ഷപെടാന്‍ കഴിയാത്ത ഒരുപാട് പേരുണ്ട് . പക്ഷെ നിങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നു . ആ ബന്ധത്തില്‍ നിങ്ങള്‍ക്ക് സന്തോഷം ഇല്ലായിരുന്നു. പ്രതീക്ഷ നല്‍കുന്ന ഒന്നുമില്ലായിരുന്നു . നിങ്ങള്‍ അത് അവസാനിപ്പിച്ചു . അത് ഒരു നല്ല വഴി . ഒരു പക്ഷെ നിങ്ങള്‍ അത്ര നല്ലതല്ലാത്ത മറ്റൊരു വഴിയാവും തെരഞ്ഞെടുത്തത് . നിങ്ങള്‍ ഒന്നും ചെയ്തില്ല , ഞാന്‍ ആണ് ഉത്തരവാദി എന്ന് സമ്മതിക്കാനുള്ള ധൈര്യം അല്ലെങ്കില്‍ നല്ല മനസ് നിങ്ങള്‍ക്ക് ഇല്ലായിരുന്നു . അപ്പൊ നിങ്ങള്‍ എന്ത് ചെയ്തു ? മറ്റെയാള്‍ ക്ഷമയുടെ നെല്ലിപ്പലക ചവിട്ടിപ്പോട്ടിച്ചു വിട്ടു പോവാനുള്ള കാരണങ്ങള്‍ സൂത്രശാലിയായ നിങ്ങള്‍ ഉണ്ടാക്കി . സത്യം പറയട്ടെ , എന്‍റെ അഭിപ്രായത്തില്‍ അത് ശരിയല്ല . ഓ ! എന്‍റെ അഭിപ്രായം നിങ്ങള്‍ ചോദിച്ചില്ല , അല്ലേ ?  

അതെന്തു തന്നെ ആയാലും , നിങ്ങളെ വേണ്ടാത്ത അല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടാത്ത ഒരു ബന്ധത്തില്‍ നിന്ന് പുറത്തു വരുന്നത് ഒരു നല്ല കാര്യം അല്ലേ ? ഒന്ന് നിവര്‍ന്നു നില്‍ക്കൂ , എന്നിട്ട് ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ . സ്വയം ഒരു പക്വത അനുഭവപ്പെടുന്നില്ലേ ? അത് തന്നെയാണ് ഞാന്‍ പറഞ്ഞത് ! എല്ലാ ബന്ധങ്ങളും തുടങ്ങുകയും അവസാനിക്കുകയും ചെയ്യും , ഇന്നല്ലെങ്കില്‍ നാളെ . തീര്‍ച്ചയായും മുറിവുകളും വേദനയും ഉണ്ടാവും അതോടൊപ്പം .  എന്നാലും അതില്‍ നിന്നെല്ലാം ഉയിര്‍ത്തെഴുന്നേറ്റു  ഭാവിയിലേക്ക് നടന്നു പോകുന്ന നിങ്ങളെ ഒന്ന് സങ്കല്പിച്ചു നോക്കു. ജീവിതത്തില്‍ നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒരേ ഒരു കാര്യം മരണം ആണ് . മറ്റെല്ലാം നമുക്ക് മറികടക്കാം .