Sunday, December 4, 2011

ഒരു മുത്തശ്ശിക്കഥ

അനുവിന്‍റെ സ്വപ്നം  ഇന്നലെ എന്‍റെ ഉറക്കം കളഞ്ഞു  . വാര്‍ധക്യത്തി ന്‍റെ ആകുലതകള്‍ എന്നെ വീണ്ടും അമ്മമ്മയുടെ ഓര്‍മകളില്‍ എത്തിച്ചു . രാത്രി മുഴുവന്‍ എന്തൊക്കെയോ ഓര്‍മ്മകള്‍ തള്ളിക്കയറി വന്നു , ഒരു അടുക്കും ചിട്ടയുമില്ലാതെ .

അമ്മു എന്നാണു ലേശം കുരുത്തക്കേടില്‍ ഞാന്‍ അമ്മമ്മയെ വിളിച്ചിരുന്നത്‌ . എന്‍റെ അപ്പൂപ്പന്‍റെ രണ്ടാം ഭാര്യ ആയിരുന്നു അമ്മു . ആദ്യത്തെ ഭാര്യയില്‍ കുട്ടികള്‍ ഉണ്ടാവാതിരുന്നപ്പോ കുടുംബക്കാര്‍ തന്നെ ഇടപെട്ടു അപ്പൂപ്പനെ വീണ്ടും കല്യാണം കഴിപ്പിക്കുകയായിരുന്നു എന്നാണു ഞാന്‍ കേട്ടിരിക്കുന്നത് . ആ സംഭവത്തെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും ചോദിച്ചറിയാന്‍ കഴിയുന്നതിനു മുന്‍പ് , എന്‍റെ കുട്ടിക്കാലത്ത് തന്നെ അപ്പൂപ്പന്‍ മരിച്ചുംപോയി . പിന്നെ ആകെ ആശ്രയം അമ്മുവിന്‍റെ  വെര്‍ഷന്‍ ആണ് .

"എന്നെ ചെറുപ്പത്തില്‍ ഒന്ന് കാണണ്ടതായിരുന്നു , സിനിമാനടികള്‍ മാറി നില്‍ക്കും . അങ്ങനല്ലേ നെന്‍റെ അപ്പൂപ്പന്‍ വീണുപോയത് " , അത് പറയുമ്പോ എണ്‍പത്തിഅഞ്ചാം വയസിലും അമ്മു ഒരു പാവാടക്കാരിപ്പെണ്ണാവും .  പ്രായത്തിന്‍റെ ചുളിവുകള്‍ക്കിടയിലും ശരിക്കും ഒരു സുന്ദരി തന്നെ ആയിരുന്നു അമ്മു . അപ്പൂപ്പന്‍ നാട്ടിലെ പേര് കേട്ട ആയുര്‍വേദ ഡോക്ടര്‍ ആയിരുന്നു . കുടുംബം അന്യം നിന്നുപോവാതെയിരിക്കാന്‍ വീണ്ടും ഒരു കല്യാണം എന്നാലോചിച്ചപ്പോ അയലത്തെ സുന്ദരിയില്‍ അപ്പൂപ്പന്‍റെ കണ്ണുടക്കിക്കാണണം. അച്ഛന്‍റെ മരണവും അമ്മാവന്മാരുടെ ധൂര്‍ത്തും ഒക്കെ കൊണ്ട് അധപതിച്ചുപോയ ഒരു കുടുംബമായിരുന്നു അമ്മുവിന്‍റെത്. വിവാഹാലോചന അവര്‍ രണ്ടു കൈയും കാലും നീട്ടി സ്വീകരിച്ചു . കാര്യങ്ങള്‍ ഒക്കെ വളരെ എളുപ്പമായിരുന്നു ആ കാലത്ത് എന്നാണു അമ്മു പറഞ്ഞിരുന്നത് .  ഒരു പുടവയും നിലവിളക്കും കൊടുക്കുമ്പോ ഒരു കല്യാണമായി . അമ്മു എടുപിടീന്ന് നാല് മക്കളെ പ്രസവിക്കുകയും ആ കല്യാണത്തിന്‍റെ പരമമായ ലക്‌ഷ്യം നിറവേറ്റുകയും ചെയ്തു ! (അതില്‍ മൂന്നു കുട്ടികളും കുഞ്ഞിലെ തന്നെ മരിച്ചു പോയെങ്കിലും ഒരു മകള്‍ അവശേഷിച്ചത് കാരണം ആണ് ഇപ്പൊ നിങ്ങള്‍ ഇത് വായിക്കുന്നത് .)

ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ അനുഭവിച്ച സ്ത്രീയാണ് എന്‍റെ അമ്മു . പക്ഷെ സംസാരത്തില്‍ , പെരുമാറ്റത്തില്‍ ഒന്നും ആ സങ്കടങ്ങളുടെ ഒരു നിഴല്‍ പോലും ഞാന്‍ കണ്ടിട്ടില്ല .  ജീവിതത്തെ നിവര്‍ന്നു നിന്ന് നേരിട്ട ഒരു പോന്നവളായിരുന്നു അമ്മു . ഞങ്ങള്‍ കുട്ടികളും അങ്ങനെ തന്നെ ആവണം എന്ന് അവര്‍ ആഗ്രഹിച്ചു . ആ സ്വഭാവം കുറച്ചെങ്കിലും കിട്ടിയത് എനിക്കാണ് .
(അതാണ്‌ എന്‍റെ ഏറ്റവും വല്യ പോരായ്മ എന്ന് അമ്മയുടെ അഭിപ്രായം ).

ഒരുപാട് തമാശകള്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിട്ടുണ്ട് . എന്‍റെ അനന്തിരവള്‍ മുത്തുലക്ഷ്മി എന്ന വര്‍ഷ സ്കൂളില്‍ ചേര്‍ന്ന സമയം . അവളെ സ്കൂള്‍ വാനിലേക്ക് കയറ്റിവിടുന്നതും വൈകിട്ട് തിരികെ ഇറക്കുന്നതും ഞങ്ങള്‍ കുടുംബസമേതം ആയിരുന്നു . പിന്നെ സ്കൂളിലെ സംഭവബഹുലമായ ദിവസത്തെ ക്കുറിച്ച് അവളുടെ വക ഒരു കഥാപ്രസംഗം  ഉണ്ടാവും . അങ്ങനെ ഒരു ദിവസം കുട്ടി നിന്ന് കസറുകയാണ് "... അവസാനം  ടീച്ചര്‍ പറഞ്ഞു , എല്ലാവരും വര്‍ഷക്ക് ഒരു കാപ്പ് ( clapp !) കൊടുക്കൂ , അപ്പൊ കുട്ടികള്‍ എല്ലാരും എനിക്ക് കാപ്പ് തന്നു ".  എല്ലാവരും ഹാപ്പി . കുറച്ചു കഴിഞ്ഞപ്പോ അമ്മു കുട്ടിയോട് " എന്നിട്ട് ആ കാപ്പ് എവിടെ ? "
"അത് സ്കൂളില്‍ അല്ലേ കിട്ടിയത് ."
"ആഹാ , അതിനെ അവിടെ കളഞ്ഞിട്ടു പോന്നോ ? നാളെ ചെന്ന് ടീച്ചറോട്‌ പറയണം , കാപ്പ് സ്കൂളില്‍ വെച്ച് മറന്നുപോയി ന്നു ".പെണ്‍കുട്ടികള്‍ ആഭരണ മണിഞ്ഞു നടക്കുന്നതായിരുന്നു അമ്മുവിന് സന്തോഷം . എന്നോടുണ്ടായിരുന്ന ഒരേ ഒരു ഇഷ്ടക്കേടും അതായിരുന്നു ," കഴുകി ഇറക്കിയത് പോലെ പോകുന്ന പോക്ക് കണ്ടില്ലേ !".

എന്‍റെ വിവാഹം വീട്ടില്‍ എല്ലാവരുടെയും ഉറക്കം കെടുത്തിയ കാലത്ത് ഒരു ദിവസം അമ്മു എന്നോട് ചോദിച്ചു " മക്കള്‍ക്ക്‌ ഈ കണ്ട ചെക്കന്മാരെയൊന്നും ഇഷ്ടായില്ലേ ?"
"ഇല്ല "
"പിന്നെ ആരെയാ ഇഷ്ടം ?"
"അയാളെ ഇവിടെ വേറെ ആര്‍ക്കും ഇഷ്ടായില്ല. ജാതകം ചേരില്ല  "
"മക്കള്‍ക്കിഷ്ടമുള്ളയാ ളെ കല്യാണം കഴിച്ചാല്‍ മതി , അയാള്‍ നല്ലവനാണെങ്കില്‍.  രജിസ്റ്റര്‍ മാര്യേജ് ചെയ്യൂ . .ഇവരോടൊക്കെ പതിയെ ഞാന്‍ പറഞ്ഞു മനസ്സിലാക്കാം . ജീവിതം ഒന്നല്ലേയുള്ളൂ .അത് നമുക്ക് മനസ്സിന് ചേരുന്നവരോടൊപ്പം തന്നെ ജീവിക്കണം ." അമ്മു എന്നെ ഞെട്ടിച്ചു ! പിന്നീട് വീട്ടുകാര്‍ എന്‍റെ ഇഷ്ടം തന്നെ സമ്മതിച്ചതിന് ശേഷം ഞാന്‍ വെളിപ്പെടുത്തി , അമ്മു എനിക്ക് തന്ന രഹസ്യ പിന്തുണ . "വെറുതെയല്ലല്ലോ  നീ ഇങ്ങനെ തലതിരിഞ്ഞുപോയത്  ",  അമ്മക്ക് കാരണം മനസിലായി .

നല്ല പ്രായമായിട്ടും ഒത്ത ആരോഗ്യവും തെളിഞ്ഞ ഓര്‍മ്മയും അമ്മുവിനുണ്ടായിരുന്നു . കൊച്ചിയില്‍ കൊണ്ടുപോയി എന്‍റെ കൂടെ  നിര്‍ത്തണം എന്നുണ്ടായിരുന്നു എനിക്ക് . അത് നടന്നില്ല . അമ്മ സമ്മതിച്ചില്ല .       " നിനക്കെന്താ വട്ടുണ്ടോ ? ഈ പ്രായത്തിലും അമ്മയിങ്ങനെ ആരോഗ്യത്തോടെ ഇരിക്കുന്നത് ഈ പറമ്പിലും റോഡിലും ഒക്കെ ഇറങ്ങിനടന്നും പരിചയക്കാരോട് വിശേഷം പറഞ്ഞും ഒക്കെയാ . അതൊന്നുമില്ലാതെ നീ കൊണ്ടുപോയി പട്ടണത്തില്‍ നിലം തൊടാതെ ഇരുത്തിയാല്‍ ഒരാഴ്ച കൊണ്ട് അമ്മ കിടപ്പാവും." അതും ചിലപ്പോ ശരിയായിരുന്നു കാണും . ഞാന്‍ ഒറ്റക്കായിരുന്നു താമസം . ഒരു തനി നാട്ടിന്‍പുറത്തുകാരിയായ അമ്മു  മിണ്ടാനും പറയാനും ആരുമില്ലാതെ എങ്ങനെ കൊച്ചിയില്‍ കഴിയും ?

പതിയെപ്പതിയെ അമ്മുവിന്‍റെ ഓര്‍മ്മ മങ്ങിത്തുടങ്ങി . ഒരു ദിവസം എന്നോട് ചോദിച്ചു , " മക്കളേ നിന്‍റെ കാലം കഴിഞ്ഞാല്‍ പിന്നെ എന്നെ ആര് നോക്കും ?".

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എന്‍റെ അമ്മു മരിച്ചു .
Thursday, November 17, 2011

വാള്‍ പോലെ വാക്കുകള്‍

കുറച്ചു ദിവസമായി ഞാന്‍ മുറി അടച്ചിരിക്കുകയാണ് . സത്യത്തില്‍ അത് മനസിന്റെ ആരോഗ്യത്തിനു അത്ര നല്ലതല്ല . ഒറ്റക്കിരിക്കാന്‍  ഒരു ഇഷ്ടക്കുറവുമില്ല , എന്നാലും എനിക്ക് തന്നെ തോന്നിത്തുടങ്ങി , ഒരു മനുഷ്യ സഹവാസത്തിന്റെ കുറവ് എനിക്കില്ലേ എന്ന് . അത് ഫോണിലോ ഇന്റര്‍നെറ്റിലോ ആയാലും മതി . പക്ഷെ ഞാന്‍ അത് പോലും ഇല്ലാതെ ആണ് ജീവിക്കുന്നത് ഈയിടെ . തീരെ അനാരോഗ്യകരം ! Anti  Social  !!

എന്ന് വെച്ചാല്‍ ഞാന്‍ തീരെ പുറത്തു പോവുന്നില്ല എന്നല്ല . പോയാലും എനിക്കൊരു പരിചയക്കുറവ്. വടക്കേ അമേരിക്കയുടെ തെക്കേ അറ്റത്തു നില്‍ക്കുന്ന പോലെ എന്ന് പറയില്ലേ , അത് തന്നെ പ്രശ്നം . പരിചയക്കാരെ കാണുമ്പോള്‍ പോലും അവരൊന്നും എന്റെ ആരും അല്ല . അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ . ഞാന്‍ ഇവിടെയുള്ള  കൂട്ടുകാരെ വിളിച്ചു ഒരു ചായ കൊടുത്ത് എന്റെ പ്രശ്നത്തിനു പരിഹാരം കാണാന്‍ തീരുമാനിച്ചു . അങ്ങനെ ഞങ്ങള്‍ ഒരുമിച്ചു കൂടി . സന്തോഷം തോന്നുന്നു , ഞാന്‍ അങ്ങനെ ഒന്ന് ശ്രമിച്ചതില്‍ . ചെറുതായി ഒന്ന് ഉത്സാഹിച്ചാല്‍ മതി , ജീവിതം പഴയ പോലെ ആഘോഷം ആവും .   ഞാന്‍ ആരായിരുന്നു , എങ്ങനെ ആയിരുന്നു എന്നെല്ലാം ഞാന്‍ തന്നെ വീണ്ടും ഓര്‍ത്തു . ബൂഹാഹാ !

അങ്ങനെ ഞങ്ങള്‍  ഒരുപാട് നാളുകളിലെ വിശേഷങ്ങള്‍ പറഞ്ഞിരുന്നപ്പോ കൂട്ടത്തിലൊരാള്‍ പറഞ്ഞ ഒരു വാക്ക്  എന്റെ മനസ്സില്‍ ഉടക്കിക്കിടക്കുന്നു . ആരോടോ  പിണങ്ങിയ  കാര്യം പറയുകയായിരുന്നു . കാര്യം എന്താണെന്ന് കൃത്യമായി ഓര്‍ക്കാന്‍ എനിക്ക് കഴിയാറില്ല . അവര്‍ പറഞ്ഞു " വാളു പോലെയുള്ള വാക്കുകള്‍ . നമ്മളെ കീറി മുറിച്ചു കളയും ". വേദനിപ്പിക്കാന്‍ വേണ്ടിത്തന്നെ പറയുന്ന വെറുപ്പുള്ള വാക്കുകള്‍ .

ഞാന്‍ പറഞ്ഞില്ലേ , അത് എന്റെ മനസ്സില്‍ ഉടക്കിക്കിടക്കുന്നു . "വാളു പോലെയുള്ള വാക്കുകള്‍ ".  എന്റെ ജീവിതത്തില്‍ എന്നെ ഏറ്റവും അധികം വേദനിപ്പിച്ച  വാക്കുകള്‍ എന്താണ്  . ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ ആലോചിച്ചു .  "നിന്റത്രയും രസമുള്ള ഒരാള്‍ വേറെയില്ല " . രസങ്ങളെല്ലാം പാതിവഴിയില്‍ അവസാനിച്ചു . അതൊരു നീണ്ട കഥയാണ്‌ . കുരുക്കുകള്‍ അഴിച്ചു മനസിലാക്കാന്‍ ഞാന്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നേയുള്ളൂ.

മുറിയടച്ചിരിക്കുന്നതിന്റെ ഒരു ദോഷം അതാണ്‌ , ഒരു ദിവസത്തിലെ 24 മണിക്കൂറും നമ്മള്‍ സ്വന്തം തലക്കുള്ളില്‍ തന്നെ ജീവിക്കും .Saturday, October 29, 2011

ബുദ്ധി കൊണ്ട് എന്ത് കാര്യം ?


ഒരുപാട് പ്രാവശ്യം ഞാന്‍  അന്തംവിട്ടു ആലോചിച്ചിട്ടുണ്ട് , എന്തുകൊണ്ടാണ് നല്ല മിടുമിടുക്കികളായ പെണ്ണുങ്ങള്‍ കാല്‍ക്കാശിന്റെ ബുദ്ധിയില്ലാത്ത കിഴങ്ങന്മാരെ പ്രേമിക്കുന്നത് എന്ന് . ഒരുപക്ഷെ നിങ്ങളും അങ്ങനെ ഒരാള്‍ക്ക് വേണ്ടി കാലു വെന്തു നടന്നിട്ടുണ്ടാവും , അല്ലെങ്കില്‍ എന്നെപ്പോലെ അതിനെ കുറിച്ച് ആലോചിച്ചു അന്തംവിട്ടിട്ടുണ്ടാവും .

ഈയിടെ ഒരു സ്റ്റഡി റിപ്പോര്‍ട്ട്‌ വായിച്ചു - എന്ത് കൊണ്ടാണ് ആണുങ്ങള്‍ പങ്കാളികളെ അപമാനിക്കുന്നത് ? ('Why do Men Insult their Intimate Partners?' published in the Journal of Personality and Individual Differences). ഉയര്‍ന്ന ഐ.ക്യൂ . ഉള്ള സ്ത്രീകളോട് അവരുടെ പങ്കാളികള്‍ പൊതുവേ മോശമായാണ് പെരുമാറുന്നത് . അത് പെണ്ണിനെ പിടിച്ചു നിര്‍ത്താനുള്ള അടവാണെന്ന് ഡോ.സ്റ്റിവാര്‍ട്ട് വില്ലിംസ് പറയുന്നു .സാധാരണ ഗതിയില്‍ പുരുഷന്മാര്‍ തങ്ങളേക്കാള്‍ താഴെ നില്‍ക്കുന്ന സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു , അവരെ നിയന്ത്രിക്കാന്‍ എളുപ്പമാണെന്ന് കരുതുന്നു . തന്റെ ഭാര്യ സമൂഹത്തില്‍ തന്നെക്കാള്‍ ബഹുമാനിക്കപ്പെടുന്നു എന്നത് ആണുങ്ങള്‍ക് സന്തോഷം നല്‍കുന്ന ഒരു കാര്യമല്ല .

മിഷിഗന്‍ യുനിവേഴ്സിടി യിലെ മനശാസ്ത്ര വിഭാഗം നടത്തിയ ഒരു സര്‍വേ യും ഇത് തന്നെ പറയുന്നു .വളരെ ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന പുരുഷന്മാര്‍ തങ്ങളുടെ സെക്രട്ടറി യെ വിവാഹം കഴിക്കാനാണ് താല്‍പര്യപ്പെടുന്നത്‌ ,തുല്യനിലയിലുള്ള സഹപ്രവര്‍ത്തകയെയല്ല .അതായത് തന്നെക്കാള്‍ ഉയര്‍ന്ന ഐ.ക്യൂ  ഉള്ള ഭാര്യ ഭര്‍ത്താവിന്റെ സുരക്ഷിതത്വ ബോധത്തിന് ഭീഷണിയാണ് . അങ്ങനെയുള്ള പുരുഷന്മാര്‍ പങ്കാളിയോട് വിശ്വാസ വഞ്ചന കാണിക്കുകയോ അവരെ മനപൂര്‍വം അപമാനിക്കുകയോ  ചെയ്യും .ഡോ. വില്ലിംസ് പറയുന്നു, ഭര്‍ത്താവ് മോശമായി പെരുമാറുമ്പോള്‍ ഒരു സ്ത്രീ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു , തന്റെ തന്നെ ഉള്ളില്‍ ചെറുതായിപ്പോവുന്നു.അങ്ങനെ ആത്മവിശ്വാസം നഷ്ടപ്പെട്ട അവള്‍  ഇനി തന്നെ ഒന്നിനും കൊള്ളില്ല എന്ന ഒരു തോന്നലില്‍ എത്തിച്ചേരുകയും അയാളോടൊപ്പം ജീവിതം തള്ളിനീക്കുകയും ചെയ്യും .  

പത്രപ്രവര്‍ത്തകയായ ഹെലെന്‍ ടൈലര്‍ പറയുന്നത് , ബുദ്ധിമതിയായ ഒരു പെണ്ണ്  പൊതുവേ ഒരു പെര്‍ഫെക്ഷനിസ്റ്റ് ആയിരിക്കും , ഇയാള്‍ ശരിയാവില്ല എന്ന് അറിയുമ്പോഴും 'ഞാന്‍ ഇത് ശരിയാക്കി എടുക്കും ' എന്ന വാശിയോടെ ആ ബന്ധം മുന്നോട്ടു കൊണ്ടുപോവും എന്നാണു . അതുമാത്രമല്ല , പഠിത്തത്തില്‍ ഉള്ള ശ്രദ്ധയും താല്‍പര്യവും കാരണം അവര്‍ക്ക് പുരുഷവിഷയത്തില്‍ വല്യ അറിവും അനുഭവങ്ങളും ഉണ്ടാകില്ല പലപ്പോഴും , എന്നാല്‍ ബുദ്ധി കുറഞ്ഞ പെണ്‍കുട്ടികള്‍ ആ രംഗങ്ങളില്‍  മാസ്റ്റേഴ്സ് എടുത്തു, യോജിച്ച പയ്യന്മാരെ കെട്ടി നന്നായി ജീവിക്കുന്നു . പഞ്ചാരക്കുട്ടപ്പന്മാരുടെ തനി നിറം  തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നു , എന്നാല്‍ മിടുക്കികള്‍ക്ക് അത് കഴിയുന്നില്ല .

നിങ്ങളുടെ ബുദ്ധിയേയും അറിവിനെയും പ്രശംസിക്കുകയും ഒപ്പം തന്നെ 'പക്ഷെ നിനക്ക് തടി കൂടുതല്‍ ആണ്, പിന്നെ, നിന്റെ പാചകം കൊള്ളില്ല ' എന്ന് പറയുകയും ചെയ്യുന്നവനെ  വേണ്ട എന്നാണു ടൈലര്‍ ടെ അഭിപ്രായം . 

ഇതൊക്കെ അങ്ങ് സായിപ്പിന്റെ നാട്ടിലെ കാര്യങ്ങള്‍ . ഇത് വായിച്ചിട്ട്  "എന്നെക്കുറിച്ചാണോ" എന്നാലോചിച്ചു മലയാളികള്‍ ആരും വിഷമിക്കരുത് ,പ്ലീസ് .

Friday, May 27, 2011

ഒരാള്‍ എത്ര ആളുകള്‍ ആണ് ?

എനിക്ക് ഒരു വിചിത്ര സ്വഭാവമുണ്ട് (ഒന്നോ ??!!). യാത്ര ചെയ്യുമ്പോഴോ , അല്ലെങ്കില്‍ കുറെ ആളുകളുടെ ഇടയില്‍ ആയിരിക്കുമ്പോഴോ ഒക്കെ കേള്‍ക്കുന്ന  രസകരമായ കാര്യങ്ങള്‍ ഞാന്‍ കുറിച്ച് വെയ്ക്കും .  സംസാരിക്കുന്ന ആളിന്റെ മുന്നില്‍ ചെന്ന് , പേനയും പേപ്പറും എടുത്ത് കുറിച്ച് വെയ്ക്കും എന്നല്ല , ഞാന്‍ ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല എന്ന മട്ടില്‍ എന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് അതില്‍ ടൈപ്പ് ചെയ്തു വെയ്ക്കും . ഒരാഴ്ച കഴിഞ്ഞു എടുത്തു നോക്കുമ്പോ എനിക്ക് തന്നെ ഒന്നും മനസ്സിലാവില്ല . ഒരു വാക്കിന്റെ അല്ലെങ്കില്‍ വാചകത്തിന്റെ സാംഗത്യം ഒരു പ്രത്യേക സാഹചര്യത്തില്‍ മാത്രം ആയിരിക്കും , പിന്നീട് കാണുമ്പോ അതിനു ഒരു അര്‍ത്ഥവുമില്ല. അത് കേട്ട സാഹചര്യം എന്താണെന്ന് ഓര്‍ത്തെടുക്കാന്‍ എനിക്ക് കഴിയാറുമില്ല .അങ്ങനെ തലയും വാലുമില്ലാത്ത ഒരുപാട് കുറിപ്പുകള്‍ - pieces  of text - ഇപ്പൊ എന്റെ ഫോണിലുണ്ട് .

ഒരു മാസം മുന്‍പ് ഞാന്‍ ഫോണില്‍ സേവ് ചെയ്ത ഒരു വാചകം ഇന്ന് രാവിലെ കാണാന്‍ ഇടയായി ."നമ്മള്‍ ഓരോരുത്തരും ഒരുപാട് പേര്‍ ആണ് ". എവിടെ , ഏതു സാഹചര്യത്തില്‍ ആണ് അത് കേട്ടതെന്നു  ഓര്‍മ്മയില്ല, എന്നാലും അതൊരു അര്‍ത്ഥമുള്ള കാര്യം ആയി എനിക്ക്തോന്നുന്നു.

നമ്മള്‍ ഓരോരുത്തരും  ഒരുപാട് പേര്‍ ആണ്, ഒരേ സമയം തന്നെ . ഓണ്‍ലൈന്‍ ലോകത്തെ കുറിച്ചല്ല ഞാന്‍ പറയുന്നത് , നമ്മുടെ നിത്യ ജീവിതത്തെ കുറിച്ച് .  മകള്‍ , സഹോദരി , ഭാര്യ , അമ്മ , സുഹൃത്ത് , ഉദ്യോഗസ്ഥ , വിദ്യാര്‍ഥി ഇതെല്ലാമായി ഒരേ നിമിഷത്തില്‍ നിങ്ങള്‍   ജീവിക്കുന്നു . ഓരോ ആളും അയാളുടേത് മാത്രമായ ഒരു ലെന്‍സില്‍ കൂടി നിങ്ങളെ കാണുന്നു , അയാള്‍ നിങ്ങളില്‍  നിന്ന് എന്ത് പ്രതീക്ഷിക്കുന്നു , അതായിരിക്കണം നിങ്ങള്‍ എന്ന് ആഗ്രഹിക്കുന്നു .

ഞാന്‍ ആലോചിക്കുകയായിരുന്നു , ഓരോ ദിവസവും മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ( അല്ലെങ്കില്‍ താഴാന്‍ ) ഞാന്‍ പെടുന്ന പാട് !!! ഞാന്‍ എന്താവണം എന്ന് അവര്‍ ആഗ്രഹിക്കുന്നു അതാവാനും , ഞാന്‍ എന്ത് ചെയ്യണം എന്ന് അവര്‍ പ്രതീക്ഷിക്കുന്നു അത് ചെയ്യാനും വേണ്ടി എന്റെ ജീവിതത്തിന്റെ എത്രയോ വര്‍ഷങ്ങള്‍  ഇല്ലാതാക്കി ഞാന്‍ കഷ്ടപ്പെടുകയായിരുന്നു . അതില്‍ നിന്നൊന്നും രക്ഷപ്പെടാന്‍ എനിക്ക് ഒരിക്കലും കഴിഞ്ഞില്ല . ഇപ്പോഴും കഴിയുന്നില്ല . മറ്റുള്ളവരുടെ സന്തോഷം , അവരുടെ മുന്നില്‍ എന്റെ ഇമേജ് , അത് വഴിയുള്ള എന്റെ സന്തോഷം ...അങ്ങനെയാണ് ജീവിതത്തിന്റെ ഒരു പോക്ക് . ഞാന്‍ എന്താവണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു , അതാവാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും .

ഇതിനൊക്കെയിടയില്‍ ഞാന്‍ ആരാണ് ? കണ്ടാല്‍ ചിലപ്പോ ഞാന്‍ തന്നെ തിരിച്ചറിഞ്ഞെന്നു വരില്ല.

Wednesday, May 25, 2011

ആടുജീവിതം

ഇവിടെ ഡാര്‍ജിലിങ്ങില്‍ മലയാളം പുസ്തകങ്ങളോ മാസികയോ ഒന്നും കിട്ടില്ല . താമസം എപ്പോ വേണമെങ്കിലും മാറാം എന്നുള്ളത് കൊണ്ട് തപാലില്‍ ഒന്നും വരുത്താനും കഴിയുന്നില്ല . അതുകൊണ്ടാണോ എന്നറിയില്ല , എഴുതാനും കഴിയുന്നില്ല . എഴുതാനിരിക്കുമ്പോ പലപ്പോഴും വാക്കുകള്‍ കിട്ടാതെ പോകുന്നു , അല്ലെങ്കില്‍ കിട്ടുന്ന വാക്കുകളില്‍ ഒരു തൃപ്തി വരുന്നില്ല . എന്തോ എവിടെയോ അങ്ങോട്ട്‌ ശരിയാവാത്തപോലെ ...

അങ്ങനെ ചെറുതല്ലാത്ത ഒരു നിരാശയോടെ ടി.വി കാണാനിരുന്നു. തമിഴ് (മലയാളം) നടന്‍ വിക്രം ബ്ലെസി യുടെ സംവിധാനത്തില്‍ ആടുജീവിതം എന്ന സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നു . അപ്പോഴാണ്‌ ഏകദേശം ഒരു വര്‍ഷം മുന്‍പ് വായിച്ച ആടുജീവിതം എന്ന നോവല്‍ എന്റെ ഓര്‍മ്മയിലേക്ക് വീണ്ടും വന്നത് . നാട്ടില്‍ ചെന്നപ്പോ മിന്നയാണ് പറഞ്ഞത് ആടുജീവിതം വായിക്കണം എന്ന് . ഇരുപതു ദിവസത്തെ ലീവിനിടയില്‍ നോവല്‍ വായിക്കാന്‍ സമയമില്ല എന്ന് പറഞ്ഞപ്പോ , നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിച്ചു . നന്ദി ഒരു ബ്ലോഗ്‌ പോസ്റ്റില്‍ ഒതുങ്ങില്ല  .

"ബത്തയിലെ ചെറിയ പോലീസ് സ്റ്റേഷന് മുന്നില്‍ ഞാനും ഹമീദും തോറ്റവരെപ്പോലെ കുറേ നേരം നിന്നു...". ബെന്യാമിന്‍ ആണ് നോവലിസ്റ്റ്‌ . ആ പേര് ആദ്യം ആയിട്ട് കേള്‍ക്കുകയായിരുന്നു  . ഇത്ര കാലം എന്ത് കൊണ്ട് കേട്ടില്ല എന്ന് നിരാശ തോന്നി .

ഗള്‍ഫ്‌ എന്ന് കേള്‍ക്കുമ്പോ എനിക്ക് കേരളം എന്ന് കേള്‍ക്കുന്നത് പോലെ ആയിരുന്നു . കുടുംബത്തില്‍ നിന്നും പരിചയക്കാരില്‍ നിന്നും അത്രയേറെ ആളുകള്‍ ഗള്‍ഫില്‍ ഉണ്ട് . ഓര്‍മ്മകള്‍ തുടങ്ങുന്നത് തന്നെ ദുബായില്‍ നിന്നു വരുന്ന ചെറിയച്ഛന്മാര്‍ കൊണ്ടുവന്നിരുന്ന വര്‍ണ്ണകടലാസില്‍ പൊതിഞ്ഞ മിഠായികളിലും കളിപ്പാട്ടങ്ങളിലും ആണ് . എന്റെ മനസിലെ ഗള്‍ഫ്‌ എന്ന സ്വര്‍ഗലോകത്തെ അപ്പാടെ പൊളിച്ചടുക്കിക്കളഞ്ഞു ബെന്യാമിന്റെ നോവല്‍ .

എത്രയോ ലക്ഷം മലയാളികള്‍ ഗള്‍ഫില്‍ ജീവിക്കുന്നു . അവരില്‍ എത്ര പേര്‍ മരുഭൂമിയെ അനുഭവിച്ചിട്ടുണ്ട് ?  ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം പണിത് ,പണത്തിന്റെയും ആഡംബരത്തിന്റെയും ആകാശത്തെ തൊട്ടു നില്‍ക്കുന്ന  ഗള്‍ഫ്‌ .  അവിടെ   പ്രവാസജീവിതത്തിന്റെ മണല്‍പ്പരപ്പില്‍ കിടന്നു ചുട്ടു പൊള്ളുന്ന മനുഷ്യനെ ബെന്യാമിന്‍ നമുക്ക് കാണിച്ചു തരുന്നു . നമുക്ക് അറിയാത്ത  ഒരു ഗള്‍ഫ്‌ മലയാളി .

മനസ്സില്‍ സങ്കടം നിറയുമ്പോ കണ്ണ് തുളുമ്പും . ഈ പുസ്തകത്തില്‍ നിന്നു ജീവിതം തുളുമ്പി നിങ്ങളുടെ മനസ്സിലേക്കും കണ്ണുകളിലേക്കും നിറയുമ്പോ, കണ്ണുനീര്‍ വീണു നിങ്ങള്‍ക്ക് പൊള്ളും .

"നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ എല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് ". പക്ഷെ ആടുജീവിതം ഒരു കെട്ടുകഥയല്ല, നോവല്‍ വായിച്ചു തീരുമ്പോ നിങ്ങള്‍ ഒരു ജീവിതം അനുഭവിച്ചുതീരുകയാണ് .

Wednesday, April 20, 2011

നീ ആരാണെന്ന് നീ തന്നെ കാണിക്കുമ്പോള്‍ ...

കുതിരവട്ടം  പപ്പുവിനെക്കുറിചല്ല . ഇത് സംഭവം വേറെയാ .

2008 എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ വര്‍ഷം ആയിരുന്നു . ദൈവമേ , എന്ത് കൊണ്ട് ഞാന്‍ ? എന്ന് ഞാന്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരുന്നു.  ചോദ്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ച്   ഞാന്‍ ഒരു വിദേശവാസത്തിനു പോയി, എന്റെ സഹോദരങ്ങള്‍ താമസിക്കുന്ന ദുബായിലേക്ക് .

പകല്‍ സമയം മുഴുവന്‍ വെറുതെ ഇരുന്നു ബോറടിച്ചിട്ട് ഞാന്‍ ചില ഹോബി കോഴ്സുകള്‍ക്ക് ചേര്‍ന്നു. അവിടെ ചെന്നപ്പോഴാണ് എന്നില്‍ ഒളിച്ചിരുന്ന രാജാരവിവര്‍മയെ ഞാന്‍ പോലും തിരിച്ചറിഞ്ഞത് . ആ കഥ പിന്നീട് പറയാം . ഇപ്പൊ പറയാന്‍ പോവുന്നത് ഒരു പട്ടി ചന്തയ്ക്ക് പോയ കഥയാണ്‌ .

എന്റെ കൂട്ടുകാരില്‍ ചിലരോടെങ്കിലും ഞാന്‍ ഇത് പറഞ്ഞിട്ടുണ്ടാവും . രണ്ടാം വാരം ഓടിക്കുന്നതില്‍ ക്ഷമിക്കണം . ഇനി പറയില്ല .

ഹോബി ക്ലാസ്സില്‍ എനിക്കൊരു സുഹൃത്തിനെ കിട്ടി . ഒരു നല്ല പെണ്‍കുട്ടി . സംസാരിച്ചു വന്നപ്പോ എനിക്ക് മനസിലായി അവളും എന്നെപ്പോലെ ഒരു ചോദ്യം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ദുബായിലേക്ക് വന്നതെന്ന്‍. അവള്‍ ഒരാളെ സ്നേഹിച്ചിരുന്നു . അതും ഒന്നോ രണ്ടോ ദിവസമോ ആഴ്ചകളോ  മാസങ്ങളോ അല്ല . നീണ്ട 8 വര്‍ഷം. ഇപ്പൊ സങ്കടത്തില്‍ നിന്ന്‍ ഒരുവിധം പുറത്തു വന്നു കഴിഞ്ഞത് കൊണ്ട് , അതിനെക്കുറിച്ചൊക്കെ സംസാരിക്കാന്‍ അവള്‍ തയ്യാറായി .

"തുടക്കത്തില്‍ എനിക്ക് അയാളെ അത്ര താല്‍പര്യമുണ്ടായിരുന്നില്ല . അയാള്‍ ഒരു gentleman ആയിരുന്നു . എന്റെ ഒരു പകുതിക്ക് അയാളെ ഇഷ്ടമായിരുന്നു . അപ്പോഴും മറ്റേ  പകുതി  വിലക്കിക്കൊണ്ടിരുന്നു  - നല്ലവനായിരിക്കാം , പക്ഷേ  ആത്മവിശ്വാസം  കുറഞ്ഞവനാണ് , സ്വന്തം  നിലപാടില്‍   ഉറച്ചുനില്‍ക്കാന്‍ തന്റെടമില്ലാത്തവനാണ് . പറഞ്ഞിട്ടെന്താ , വീണുപോയി. falling  in  love എന്നല്ലേ പറയാറുള്ളത്, അതൊരു വീഴ്ച തന്നെയാണ് ! എഴുന്നേല്‍ക്കാന്‍ വല്യ പ്രയാസമാ . അങ്ങനെ എട്ടു വര്‍ഷം . അവസാനം വീട്ടുകാരെ എതിര്‍ക്കാനുള്ള ധൈര്യം ഇല്ലാതിരുന്നത് കൊണ്ട് അയാള്‍ പിന്‍വാങ്ങി .
അയാളെ കുറ്റം പറയേണ്ട കാര്യമില്ല , എനിക്ക് ആദ്യമേ തന്നെ അറിയാമായിരുന്നതാണ് . ഒരാള്‍ എന്താണെന്ന് അയാള്‍ സ്വയം കാണിക്കുമ്പോള്‍  , നമ്മള്‍ അത് മനസിലാക്കണം . നമ്മുടെ സ്വാധീനം കൊണ്ട് നാളെ അയാള്‍ മെച്ചപ്പെടും എന്ന് വിചാരിക്കരുത് . അടിസ്ഥാന സ്വഭാവങ്ങള്‍ മാറില്ല . ധൈര്യം , ആത്മാര്‍ത്ഥത ഒക്കെ അടിസ്ഥാന സ്വഭാവങ്ങള്‍  ആണ് ".

ഒരു ജോലി നേടി കുറച്ചു നാള്‍ ദുബായില്‍ കഴിയണം എന്ന ആഗ്രഹം പറഞ്ഞപ്പോള്‍ അവളെ ഒന്ന് സഹായിക്കാന്‍ എനിക്ക് തോന്നി . എന്റെ ചേട്ടന്റെ ഓഫീസില്‍ റിക്രൂട്ട്മെന്റ് നടക്കുകയായിരുന്നു . അവിടെ അവള്‍ക്ക് ജോലിയായി . 6 മാസം പ്രൊബേഷന്‍ . രണ്ടാഴ്ച കഴിഞ്ഞതേയുള്ളൂ . ഒരു ദിവസം രാത്രി അവള്‍ടെ ഫോണ്‍ . അവളെ പിരിച്ചു വിട്ടു . എനിക്കാകെ വിഷമമായി. ചേട്ടനോട് ചോദിച്ചു .

"അവള്‍ടെ പെര്‍ഫോമന്‍സ്  തൃപ്തികരമല്ല .ജോലി ചെയ്യാന്‍ ആ കുട്ടിക്ക് തീരെ താല്പര്യമില്ല ."

"പക്ഷേ വെറും രണ്ടാഴ്ച്ചയല്ലേ ആയിട്ടുള്ളൂ , ഒരാള്‍ക്ക് കഴിവ് തെളിയിക്കാനുള്ള ഒരു അവസരം കൊടുക്കണ്ടേ ? ഇന്റര്‍വ്യൂ  ചെയ്തിട്ട്   ചേട്ടന്‍ തന്നെയല്ലേ പറഞ്ഞത് അവള്‍ മിടുക്കിയാണ്, നല്ല അറിവുള്ള കുട്ടിയാണ് എന്നൊക്കെ  " ഞാന്‍ തര്‍ക്കിച്ചു .

"അതെല്ലാം ശരി തന്നെയാണ് . പക്ഷേ ഒരു പുതിയ ജോലിയില്‍ , ആദ്യത്തെ രണ്ടാഴ്ചയില്‍ ചെയ്യുന്നതിനേക്കാള്‍ നന്നായി പിന്നീടൊരിക്കലും ഒരാള്‍ പെര്‍ഫോം ചെയ്യില്ല . ആളുകള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയും കൂടുതല്‍ അറിവുള്ളവരാകുകയും ചെയ്യും , പക്ഷേ  പെട്ടെന്നൊരു ദിവസം അവര്‍ക്ക് കൂടുതല്‍ ഉത്സാഹം ഉണ്ടാകുകയും അവര്‍ കഠിനാധ്വാനം ചെയ്യാന്‍ തുടങ്ങുകയുമില്ല .  ഒരാള്‍ എന്താണെന്ന് അയാള്‍ സ്വയം കാണിക്കുമ്പോള്‍  , നമ്മള്‍ അത് മനസിലാക്കണം. അടിസ്ഥാന സ്വഭാവങ്ങള്‍ മാറില്ല . ജോലി ചെയ്യാനുള്ള ഉത്സാഹം ഒരു  അടിസ്ഥാന സ്വഭാവമാണ് ."

കൂടുതല്‍ സമയം അവിടെ നിന്ന് കറങ്ങിയിട്ട് കാര്യമില്ലാത്തത് കൊണ്ട് , ഞാന്‍ പോയിക്കിടന്നുറങ്ങി .

Monday, April 18, 2011

എങ്ങനെയാണ് ജൂലിയ റോബര്‍ട്സ് എന്‍റെ പ്രണയം തകര്‍ത്തത് ?!

രണ്ടു മൂന്നു ദിവസം എഴുതിയപ്പോഴെയ്ക്ക് ഞാന്‍ ക്ഷീണിച്ചു . മാത്രമല്ല എഴുതാന്‍ ഒരു ടോപിക് കിട്ടുന്നുമില്ല . വിഷയദാരിദ്ര്യം . ഇനി ഒന്ന് വിശ്രമിച്ച ശേഷം എഴുതാം എന്ന് കരുതിയിരുന്നപ്പോഴാണ്‌ ഇന്നലെ രാത്രി വര്‍ഗീസ് വിളിച്ചു ഒരു സങ്കടം പറയുന്നത് . അത് കേട്ടതോടെ എന്‍റെ ക്ഷീണം പമ്പയും കടന്നു ശബരിമല ചവിട്ടി . ഒരാള്‍ടെ സങ്കടം കേട്ടപ്പോ എന്തൊരു സന്തോഷം !!!

ഇവിടെ തകര്‍ന്നത് എന്‍റെ പ്രണയം അല്ല കേട്ടോ , വര്‍ഗീസിന്‍റെയാണ് . എന്‍റെ ബാല്യകാലസുഹൃത്താണ് വര്‍ഗീസ്. സ്കൂള്‍ കഴിഞ്ഞപ്പോ അവന്‍  അമേരിക്കയിലേക്ക്‌ പോയി . അവന്‍റെ കുടുംബം അങ്ങോട്ട്‌ കുടിയേറിയിരുന്നു. ഞാന്‍ ഒരുപാട് സങ്കടപ്പെട്ടു അന്ന് . വര്‍ഗീസ് ഇല്ലാത്ത കാറ്റാടിമുക്ക് എനിക്ക് സങ്കല്പിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. ഞാന്‍ തിരുവനന്തപുരത്തും കൊച്ചിയിലും അലഞ്ഞു നടന്നപ്പോ ,അവന്‍ ടെക്സാസ് , ഹൂസ്ടന്‍ എന്നൊക്കെ പറഞ്ഞു എന്നെ വിരട്ടി . പിന്നെ എപ്പഴോ ആ സൌഹൃദം അങ്ങ് നേര്‍ത്തു നേര്‍ത്തു ഇല്ലാതെയായി . കണ്ണ് അകലുമ്പോ മനസ് അകലും എന്ന് എന്‍റെ അമ്മമ്മ സമാധാനിപ്പിച്ചു .

അങ്ങനെ കണ്ണും മനസും പൂര്‍ണമായും അകന്നിരിക്കുന്ന ഒരു സമയത്താണ് സോഷ്യല്‍ നെറ്റ് വര്‍കിംഗ് എന്നൊരു പ്രതിഭാസം ഉണ്ടാകുന്നതും  വര്‍ഗീസ് എന്നെ വലയിട്ടു പിടിക്കുന്നതും . എത്ര പെട്ടെന്നാണ് ഞങ്ങള്‍ വീണ്ടും കാറ്റാടിമുക്കിലെ ആ പഴയ ചങ്ങാതികളായത്‌ . ഇപ്പൊ അവന്‍ ഫ്ലോറിഡയില്‍ ജോലി ചെയ്യുന്നു .

ഇത്രയും ആമുഖം പോരെ വര്‍ഗീസ് ആരാണെന്നറിയാന്‍ ?ഇനി ഞാന്‍ ചിരിച്ചു തലകുത്തിയ അവന്‍റെ സങ്കടം പറയാം. അവന്‍റെ തന്നെ വാക്കുകളില്‍ പറയാം . എന്നാലേ സംഭവത്തിന്‍റെ ഒരു ...ഇത് നിങ്ങള്‍ക്ക് പിടി കിട്ടൂ . over to vargeese ->

"ഒരു വര്‍ഷമേ ആയിട്ടുള്ളൂ ഞാന്‍ ഇവിടെ (ഫ്ലോറിഡ) വന്നിട്ട് . കുറെ വര്‍ഷങ്ങളായി പഠിത്തം , ജോലി ഒക്കെ ആയിട്ട് ഒറ്റക്കാണ് താമസം . അച്ഛനും അമ്മയും കൂടെയില്ലാത്തപ്പോ കുട്ടികള്‍ പാഴായിപ്പോവില്ലേ എന്നൊക്കെ ഞാന്‍ അങ്ങ് സമാധാനിക്കുകയാണ് , കാരണം ഞാന്‍ ഒത്തിരി പാഴായിപ്പോയി . ഇവിടെ വരുന്നതിനു മുന്‍പ് ഞാന്‍ കാലിഫോര്‍ണിയയിലാണ്   ജോലി ചെയ്തിരുന്നത് . ഓഫീസ് വിട്ടാല്‍ പിന്നെ മുഴുവന്‍ സമയവും ഞാന്‍ പെണ്ണുങ്ങളുടെ കൂടെയായിരുന്നു . 'പെണ്ണിന്‍റെ' എന്നല്ല , 'പെണ്ണുങ്ങളുടെ' എന്ന് തന്നെയാ ഞാന്‍ പറഞ്ഞത് . എത്രത്തോളം പെണ്ണുങ്ങള്‍ , എത്രത്തോളം സമയം എന്നൊന്നും എനിക്ക് തന്നെ അറിയില്ല .

പെട്ടെന്നൊരു ദിവസം അതെല്ലാം മടുത്തു . ഞാന്‍ ആ സ്ഥലം വിട്ടു , ഫ്ലോറിഡയിലേക്ക് വന്നു . എന്ന് വെച്ച് ഞാന്‍ ഒരു ആത്മീയന്‍ ആയി എന്നൊന്നും നീ കരുതണ്ട . പെണ്ണുങ്ങളുടെ എണ്ണവും അതിനൊക്കെ വേണ്ടി ചെലവാക്കുന്ന സമയവും  കുറച്ചു .  ഞാന്‍ വെറും 2 പെണ്ണുങ്ങളില്‍ ചെന്നവസാനിച്ചു .

നീ സുവിശേഷം തുടങ്ങണ്ട . എനിക്ക് ഒരു പെണ്ണിനെ സ്നേഹിച്ച് , അവളെ കല്യാണം കഴിച്ച് ... അങ്ങനെ ഒന്നും തോന്നുന്നില്ല മനസ്സില്‍ . തോന്നുമ്പോ ഇതൊക്കെ നിര്‍ത്തും . ഇത് വരെ തോന്നുന്നില്ല . ഇതൊക്കെ ഒരു നേരംപോക്ക് . ജോലിയുടെ ടെന്‍ഷന്‍ കുറയും , ജീവിതം ഒന്ന് രസമാവും , അത്രയേ ഉള്ളൂ . അങ്ങനെ എന്തായാലും 2 പെണ്ണുങ്ങള്‍ .

കുറച്ചു ദിവസം കഴിഞ്ഞപ്പോ എനിക്ക് തോന്നിത്തുടങ്ങി , അവരില്‍ ഒരു പെണ്ണിന്- മിഷേല്‍  - എന്നോട് ലേശം ഇഷ്ടക്കൂടുതല്‍ ഉണ്ടെന്ന് . എന്ന് വെച്ചാല്‍ എനിക്ക് അങ്ങോട്ടുള്ളതിനേക്കാള്‍ ഒരിത്തിരി ഇഷ്ടം കൂടുതല്‍ അവള്‍ക്ക് ഇങ്ങോട്ടില്ലേ എന്നൊരു സംശയം . അതെനിക്കിഷ്ടമല്ല . നമ്മള്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ തിരിച്ചു കിട്ടുമ്പോ , നമുക്ക് അവിടെ ഒരു കടം ഉണ്ടാവുകയല്ലേ? ഞാന്‍ കുറച്ചു അസ്വസ്ഥനായി . ഈ സൌഹൃദത്തില്‍ നിന്ന് ഞാന്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അവളും അങ്ങനെ പ്രതീക്ഷിക്കരുതെന്നും ഞാന്‍ തീര്‍ത്തു പറഞ്ഞു . അങ്ങനെ ഞങ്ങള്‍ തുടര്‍ന്നു.

അപ്പോഴേക്ക് ഞാന്‍ എന്‍റെ ജീവിതത്തിനു ലേശം ഒരു അടുക്കും ചിട്ടയും ഒക്കെ ഉണ്ടാക്കി എടുക്കാന്‍ തുടങ്ങിയിരുന്നു . ഒരാഴ്ചയിലെ 168 മണിക്കൂറും സുഹൃത്തുക്കള്‍ക്ക് നല്‍കാന്‍ തയ്യാറായിരുന്ന ഞാന്‍ അതൊക്കെ മാറ്റി . ശനിയാഴ്ച രാത്രി വീട്ടില്‍ എത്തിയാല്‍ പിന്നെ അടുത്ത ദിവസം വൈകുന്നേരം 3 മണി വരെയുള്ള സമയം  എനിക്കായി (എനിക്ക് മാത്രമായി ) മാറ്റി വെച്ചു. എല്ലാ കൂട്ടുകാരെയും സഹപ്രവര്‍ത്തകരെയും അത് അറിയിക്കുകയും ചെയ്തു . സ്വകാര്യത എനിക്ക് പ്രിയപ്പെട്ടതായിത്തുടങ്ങി . ഞായറാഴ്ചകളില്‍   ഞാന്‍ എന്‍റെ വീട്ടില്‍ ഉറക്കമെഴുന്നെല്‍ക്കുകയും  ആഹാരം ഉണ്ടാക്കുകയും , മുന്‍പെങ്ങുമില്ലാത്ത ഒരു സന്തോഷത്തോടെ ടി.വി കണ്ടുകൊണ്ടിരുന്ന്‍ അത് കഴിക്കുകയും ചെയ്തു .

അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച രാവിലെ ഡോര്‍ ബെല്‍ അടിക്കുമ്പോ എനിക്ക് എത്ര ദേഷ്യം / നിരാശ വന്നു കാണുമെന്നു നിനക്ക് ഊഹിക്കാമല്ലോ . വാതില്‍ തുറന്നു നോക്കുമ്പോ മിഷേല്‍ -

"ഞാന്‍ ഇവിടെ അടുത്തൊരു സ്ഥലത്ത് വന്നപ്പോ നിന്നെയും കൂടി ഒന്ന് കണ്ടേക്കാമെന്ന് വെച്ചു , ബുദ്ധിമുട്ടായില്ലല്ലോ ? "

ബുദ്ധിമുട്ടായില്ലല്ലോന്ന്‌ ?! ദോശ മറിച്ചിടാനുള്ള ചട്ടുകം കൈയില്‍ പിടിച്ചാണ് ഞാന്‍ നില്‍ക്കുന്നത് , അത് വെച്ചു ഒന്നങ്ങു കൊടുക്കാന്‍ തോന്നി . പക്ഷെ ഞാന്‍ അത്ര മര്യാദ ഇല്ലാത്തവന്‍ ആവരുതല്ലോ .

"സോറി , സത്യത്തില്‍ ലേശം ബുദ്ധിമുട്ടായി, ഞാന്‍ പാചകം ചെയ്യുകയാണ് .ഞായറാഴ്ച രാവിലെ  മാത്രമാണല്ലോ എനിക്ക് സ്വന്തമായി കിട്ടുന്ന സമയം. "

എന്‍റെ ശബ്ദത്തില്‍ മര്യാദ കൂടിപ്പോയോ എന്നറിയില്ല , അവള്‍ ഞാന്‍ പറഞ്ഞത് കേള്‍ക്കാത്തപോലെ ഇടിച്ചു മറിച്ചു അങ്ങ് അകത്തേയ്ക് കയറിവന്നു. അടുപ്പില്‍   കരിഞ്ഞുപോയ ദോശയെയും എന്‍റെ പ്രിയപ്പെട്ട ഞായറാഴ്ച സിനിമയെയും കുറിച്ചോര്‍ത്തപ്പോ , അധികം മര്യാദ കാണിക്കണ്ട എന്ന് ഞാന്‍ തീരുമാനിച്ചു . അവള്‍ അല്ലേ എന്‍റെ സ്വകാര്യത തകര്‍ത്തു കയറി വന്നത് !

ഞാന്‍ അടുക്കളയില്‍ പോയി ദോശ എടുത്ത്, ടി.വി യുടെ മുന്നില്‍ വന്നിരുന്നു .

കഴിക്കുകയും ടി.വി യിലേക്ക് നോക്കുകയും ഇടയ്ക്ക് അവളോട് വര്‍ത്തമാനം പറയുകയും ചെയ്തു . എനിക്ക് താല്പര്യമില്ല എന്ന് കാണുമ്പോ അവള്‍ അങ്ങ് പോവുകയല്ലേ വേണ്ടത് ? പോയില്ലെന്നു മാത്രമല്ല , കഷ്ടകാലത്തിന് , എന്‍റെ രസക്കേട് മാറ്റി എന്നെ ഒന്ന് സന്തോഷിപ്പിച്ചു കളയാം എന്ന് അവള്‍ക്ക് തോന്നുകയും ചെയ്തു  .

അവള്‍ അടുത്തേയ്ക്ക് വന്ന് എനിക്ക് ഒരുമ്മ തന്നു . ആ നിമിഷം ടി.വി യില്‍ 'പ്രെറ്റി വുമന്‍ (pretty woman )' എന്ന എന്‍റെ പ്രിയപ്പെട്ട സിനിമ . ' ഐ ലവ് ജൂലിയ റോബര്‍ട്സ് ' ഞാന്‍ പറഞ്ഞു .
  
അതിനെന്താ കുഴപ്പം എന്നോ ? ആ സീന്‍ ശരിക്കും ഇങ്ങനെ ആയിരുന്നു -മിഷേല്‍ അടുത്തേക്ക് വന്ന്‍ എന്നെ ഉമ്മ വയ്ക്കുന്നു
ഞാന്‍ (ടി.വി യിലേക്ക് ഒളി കണ്ണിട്ടു നോക്കി )     -    ആഹ്.. ഐ ലവ് ...
മിഷേല്‍     -      ഐ ലവ് യു ററൂ
ഞാന്‍        -       ...ജൂലിയ റോബര്‍ട്സ് !!! (വായില്‍ നിന്നങ്ങു വീണു പോയി )

സത്യം , ഞാന്‍ മനപൂര്‍വം പറഞ്ഞതല്ല . ഞാന്‍ അത്രക്ക് മര്യാദ ഇല്ലാത്തവനല്ല, കര്‍ത്താവാണേ സത്യം . ഞാന്‍ പറഞ്ഞുതീരും മുന്‍പ് മിഷേല്‍ മറുപടി പറഞ്ഞു , അത് കേള്‍ക്കും മുന്‍പ് ഞാന്‍ ബാക്കി പറഞ്ഞുപോയി . ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു  . ബാക്കി എന്താണെന്ന് ഞാന്‍ പറയേണ്ടല്ലോ."

ഹോ... ഹോ ...  വര്‍ഗീസിന്‍റെ സങ്കടം കേട്ട് എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല , ചൂടാറും മുന്‍പ് നിങ്ങളോട് അത് പറഞ്ഞേക്കാം എന്ന് കരുതി . വിശ്രമിക്കാന്‍ ഇനിയും സമയമുണ്ടല്ലോ .