Friday, October 15, 2010

കുട്ടികളോട് സംസാരിക്കൂ
കഴിഞ്ഞയാഴ്ച ഇന്‍റര്‍നെറ്റില്‍ Anderson Cooper http://www.popeater.com/2010/10/08/anderson-cooper-vince-vaughn/?ncid=webmail ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.ഭാഷയുടെ അശ്രദ്ധമായ ഉപയോഗം കുട്ടികളെ ബാധിക്കുന്നതിനെക്കുറിച്ച് അദ്ദേഹം നടത്തിയ നിരുപദ്രവകരമായ ഒരു പരാമര്‍ശം വിവാദമായി.


അത് tv യില്‍ കണ്ടുകൊണ്ടിരുന്നപ്പോ  എന്റെ സുഹൃത്ത് മിസ്സിസ് ജോസഫ്‌ വന്നു   "ഞാന്‍ എന്ത് ചെയ്യട്ടെ ?" എന്ന് വേവലാതിപ്പെടുന്നു. 

മിസ്സിസ് ജോസഫ്‌ ആരാണെന്ന് ഞാന്‍ പറയണോ? വേണ്ട . അത് അങ്ങനെയാണ് . ഇവിടെ പെണ്ണുങ്ങള്‍ക്ക്‌ പേരില്ല . നമ്മുടെ അച്ഛനമ്മമാര്‍ വളരെ ആലോചിച്ചു ഓമനിച്ചു നമുക്ക് ഒരു പേരിട്ടു തരുന്നു . ആ പേരിനെ ചുരുക്കിയും നീട്ടിയും വിളിച്ചു കൊഞ്ചിച്ചു വളര്‍ത്തുന്നു . എന്നിട്ട് ഒരു പട്ടാളക്കാരന് കെട്ടിച്ചു കൊടുക്കുന്നു .അതോടെ കഴിഞ്ഞു പേരിന്റെ ആവശ്യവും ഉപയോഗവും . പിന്നെ നമ്മള്‍ ദീപയും രോശ്നിയും സുപര്‍നയും കരിഷ്മയും അല്ല , മിസ്സിസ് ഭാസ്കരനും മിസ്സിസ് ജോസെഫും മിസ്സിസ് റോയ് യും മിസ്സിസ് ബേദിയും ആണ് . എന്റെ പേര് ഞാന്‍ പോലും മറന്നു തുടങ്ങി .

അങ്ങനെ മിസ്സിസ് ജോസഫ്‌ എന്റെ മുന്നില്‍ അന്തം വിട്ടു നില്‍ക്കുകയാണ് . 8 വയസ്സായ മകള്‍ F*** പറയുന്നു . മഴ പെയ്യുന്നു .കുട നിവര്‍ത്താന്‍ അല്പം സമയം അധികം എടുത്തപ്പോ പൊന്നുമോള്‍ പറഞ്ഞു 'F*** off '. അമ്മ ഞെട്ടി . 'നീ എന്താ പറഞ്ഞത് ?' കുട്ടി വളരെ ശാന്തയായി വീണ്ടും പറഞ്ഞു 'F*** off ‌'. ചുറ്റിലും ആളുകള്‍ ഉണ്ട് . ഒന്നും പറയാന്‍ കഴിയുന്നില്ല . നടന്നു പോവുന്ന വഴിയില്‍ എന്റെ അടുത്തേയ്ക്‌ വന്നു. കിതച്ചു കൊണ്ടാണ് ഇത്രയും പറഞ്ഞു തീര്‍ത്തത് പാവം .  പട്ടണത്തിലാണ് ജീവിക്കുന്നതെങ്കിലും കേരളത്തിലെ ഒരു നാട്ടിന്‍ പുറത്തു ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക്‌ താങ്ങാന്‍ കഴിയുമോ ഇത് ? 

ഞങ്ങള്‍ കുട്ടിയോട് ചോദിച്ചു 'എന്തിനാ അങ്ങനെ പറയുന്നത് ? ആരാ ഇത് പറഞ്ഞു തന്നത് ? മോള്‍ അങ്ങനെയൊന്നും പറയാന്‍ പാടില്ല .' കുട്ടിക്ക് കണ്‍ഫ്യൂഷന്‍ ആയി .' സ്കൂളില്‍ എല്ലാരും പറയുമല്ലോ . എപ്പോ വേണമെങ്കിലും പറയും. നമുക്ക് ഇഷ്ടമില്ലാത്ത ടീച്ചര്‍ ക്ലാസ്സില്‍ വരുമ്പോഴും എക്സാം നു മാര്‍ക്ക്‌ കുറച്ചു തരുമ്പോഴും എല്ലാം എല്ലാരും പറയുന്നതാ F*** off ‌. നമുക്കിഷ്ടമില്ലാത്ത കുട്ടി നമ്മുടെ ഗാങ്ങില്‍ കളിക്കാന്‍ വരുമ്പോ നമ്മള്‍ പറയും F*** off ‌ .അപ്പൊ അവര്‍ അങ്ങ് പോവും ...' 

കുട്ടി വിശദീകരിച്ചു തുടങ്ങിയപ്പോ ഞങ്ങള്‍ക്ക് കണ്‍ഫ്യൂഷന്‍ ആയി . എല്ലാ നെഗറ്റീവ് സിറ്റുവേഷന്‍സിനും ചേരുന്ന ഒരു വാക്ക് പകരം കൊടുക്കാന്‍ ഞങ്ങളുടെ കൈയില്‍ ഇല്ല .
എനിക്ക് പെട്ടെന്ന് ധാര്‍മികരോഷം ഉണ്ടായി . ഇമ്മാതിരി കാശിനു പതിനാറു എന്ന പോലെ കുട്ടികള്‍ പറയുന്ന ഒരു വാക്ക് ടീച്ചര്‍മാര്‍ അറിയുന്നില്ലേ ? 'നമ്മള്‍ എന്തിനാ അവരെ കുറ്റം പറയുന്നത് ? അവര്‍ക്ക് എന്തോരം കുട്ടികളെ നോക്കേണ്ടതാ. ഒരു കുട്ടി മാത്രം ഉള്ള ഞാന്‍ അറിഞ്ഞില്ലല്ലോ '- മിസ്സിസ് ജോസഫ്‌ സങ്കടപ്പെട്ടു .

എന്നാലും ഈ ഒരു വാക്ക് എങ്ങനെ നമ്മുടെ ജീവിതത്തില്‍ നമ്മുടെ നാട്ടില്‍ ഇത്ര പ്രചാരം നേടി ? അമേരിക്കകാര്‍ പറയുന്നതുകൊണ്ട് മാത്രം നമ്മള്‍ അതിനെ കണ്ണും പൂട്ടിയങ്ങു സ്വീകരിച്ചതല്ലേ? 

നമ്മുടെ കുട്ടികളോട് നമ്മള്‍ നമ്മുടെ രീതിയില്‍ സംസാരിക്കാത്തത് കൊണ്ടല്ലേ അവര്‍ അമേരിക്കകാരുടെ പുറകെ പോകുന്നത് ? കുട്ടികളോട് സംസാരിക്കൂ . അവര്‍ കാണുന്നതും കേള്‍ക്കുന്നതും  പറയുന്നതും എന്താണെന്ന് ശ്രദ്ധിക്കൂ . നല്ലത് എന്താണെന്ന് കുട്ടിയിലേ തിരിച്ചറിയണം . നമ്മുടെ കുട്ടികളെ സഹായിക്കൂ .

Wednesday, October 13, 2010

മഴ

പുറത്തു മഴ പെയ്യുകയാണ് . ഞാന്‍ കണ്ണടച്ചിരുന്നു മഴയെ സങ്കല്പിച്ചു .
                                                                
ആകാശത്തിനു ചുവട്ടില്‍ മഴത്തുള്ളികള്‍ ചില്ലുകൊട്ടാരം പണിയുന്നു  . ഉടഞ്ഞു വീഴുന്നു, വീണ്ടും പണിയുന്നു .എന്തുകൊണ്ടോ ഞാന്‍ സുരക്ഷിതയാണെന്നു എനിക്ക് തോന്നുന്നു .

ഒരു മഴത്തുള്ളിയോടൊപ്പം ഒഴുകി താഴേയ്ക്ക് വീഴുവാന്‍ എനിക്ക് മോഹം . ഞാന്‍ ഇതാ വീഴുന്നു .

ഉള്ളില്‍ മഴ പെയ്യുകയാണ് . പുറത്തെ വെളുവെളുത്ത മിനുമിനുത്ത മഴയല്ല . ഇരുട്ട് മൂടിയ ആകാശത്തിനു കീഴെ കറുത്തിരുണ്ട മഴ . കലങ്ങി മറിഞ്ഞു കുത്തിയോഴുകിവീഴുന്ന  മഴ. 
ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു . ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുവാന്‍ എന്റെ മനസിന്‌ ശക്തി പോര . മഴത്തുള്ളികള്‍ വീണു എനിക്ക് വേദനിക്കുന്നു .

ഞാന്‍ ജനാല തുറന്നു പുറത്തേയ്ക്ക് നോക്കി . മഴയിലൂടെ ആളുകള്‍ ഓടുകയാണ് . പുറത്തു ജീവിതം ഇരമ്പിയാര്‍ക്കുന്നു . എന്റെ ഉള്ളില്‍ മഞ്ഞുറഞ്ഞ് തണുക്കുന്നു .

എന്തുകൊണ്ടോ എനിക്ക് തോന്നുന്നു ഞാന്‍ സുരക്ഷിതയല്ലെന്നു ...