Friday, May 27, 2011

ഒരാള്‍ എത്ര ആളുകള്‍ ആണ് ?

എനിക്ക് ഒരു വിചിത്ര സ്വഭാവമുണ്ട് (ഒന്നോ ??!!). യാത്ര ചെയ്യുമ്പോഴോ , അല്ലെങ്കില്‍ കുറെ ആളുകളുടെ ഇടയില്‍ ആയിരിക്കുമ്പോഴോ ഒക്കെ കേള്‍ക്കുന്ന  രസകരമായ കാര്യങ്ങള്‍ ഞാന്‍ കുറിച്ച് വെയ്ക്കും .  സംസാരിക്കുന്ന ആളിന്റെ മുന്നില്‍ ചെന്ന് , പേനയും പേപ്പറും എടുത്ത് കുറിച്ച് വെയ്ക്കും എന്നല്ല , ഞാന്‍ ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല എന്ന മട്ടില്‍ എന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് അതില്‍ ടൈപ്പ് ചെയ്തു വെയ്ക്കും . ഒരാഴ്ച കഴിഞ്ഞു എടുത്തു നോക്കുമ്പോ എനിക്ക് തന്നെ ഒന്നും മനസ്സിലാവില്ല . ഒരു വാക്കിന്റെ അല്ലെങ്കില്‍ വാചകത്തിന്റെ സാംഗത്യം ഒരു പ്രത്യേക സാഹചര്യത്തില്‍ മാത്രം ആയിരിക്കും , പിന്നീട് കാണുമ്പോ അതിനു ഒരു അര്‍ത്ഥവുമില്ല. അത് കേട്ട സാഹചര്യം എന്താണെന്ന് ഓര്‍ത്തെടുക്കാന്‍ എനിക്ക് കഴിയാറുമില്ല .അങ്ങനെ തലയും വാലുമില്ലാത്ത ഒരുപാട് കുറിപ്പുകള്‍ - pieces  of text - ഇപ്പൊ എന്റെ ഫോണിലുണ്ട് .

ഒരു മാസം മുന്‍പ് ഞാന്‍ ഫോണില്‍ സേവ് ചെയ്ത ഒരു വാചകം ഇന്ന് രാവിലെ കാണാന്‍ ഇടയായി ."നമ്മള്‍ ഓരോരുത്തരും ഒരുപാട് പേര്‍ ആണ് ". എവിടെ , ഏതു സാഹചര്യത്തില്‍ ആണ് അത് കേട്ടതെന്നു  ഓര്‍മ്മയില്ല, എന്നാലും അതൊരു അര്‍ത്ഥമുള്ള കാര്യം ആയി എനിക്ക്തോന്നുന്നു.

നമ്മള്‍ ഓരോരുത്തരും  ഒരുപാട് പേര്‍ ആണ്, ഒരേ സമയം തന്നെ . ഓണ്‍ലൈന്‍ ലോകത്തെ കുറിച്ചല്ല ഞാന്‍ പറയുന്നത് , നമ്മുടെ നിത്യ ജീവിതത്തെ കുറിച്ച് .  മകള്‍ , സഹോദരി , ഭാര്യ , അമ്മ , സുഹൃത്ത് , ഉദ്യോഗസ്ഥ , വിദ്യാര്‍ഥി ഇതെല്ലാമായി ഒരേ നിമിഷത്തില്‍ നിങ്ങള്‍   ജീവിക്കുന്നു . ഓരോ ആളും അയാളുടേത് മാത്രമായ ഒരു ലെന്‍സില്‍ കൂടി നിങ്ങളെ കാണുന്നു , അയാള്‍ നിങ്ങളില്‍  നിന്ന് എന്ത് പ്രതീക്ഷിക്കുന്നു , അതായിരിക്കണം നിങ്ങള്‍ എന്ന് ആഗ്രഹിക്കുന്നു .

ഞാന്‍ ആലോചിക്കുകയായിരുന്നു , ഓരോ ദിവസവും മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ( അല്ലെങ്കില്‍ താഴാന്‍ ) ഞാന്‍ പെടുന്ന പാട് !!! ഞാന്‍ എന്താവണം എന്ന് അവര്‍ ആഗ്രഹിക്കുന്നു അതാവാനും , ഞാന്‍ എന്ത് ചെയ്യണം എന്ന് അവര്‍ പ്രതീക്ഷിക്കുന്നു അത് ചെയ്യാനും വേണ്ടി എന്റെ ജീവിതത്തിന്റെ എത്രയോ വര്‍ഷങ്ങള്‍  ഇല്ലാതാക്കി ഞാന്‍ കഷ്ടപ്പെടുകയായിരുന്നു . അതില്‍ നിന്നൊന്നും രക്ഷപ്പെടാന്‍ എനിക്ക് ഒരിക്കലും കഴിഞ്ഞില്ല . ഇപ്പോഴും കഴിയുന്നില്ല . മറ്റുള്ളവരുടെ സന്തോഷം , അവരുടെ മുന്നില്‍ എന്റെ ഇമേജ് , അത് വഴിയുള്ള എന്റെ സന്തോഷം ...അങ്ങനെയാണ് ജീവിതത്തിന്റെ ഒരു പോക്ക് . ഞാന്‍ എന്താവണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു , അതാവാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും .

ഇതിനൊക്കെയിടയില്‍ ഞാന്‍ ആരാണ് ? കണ്ടാല്‍ ചിലപ്പോ ഞാന്‍ തന്നെ തിരിച്ചറിഞ്ഞെന്നു വരില്ല.

Wednesday, May 25, 2011

ആടുജീവിതം

ഇവിടെ ഡാര്‍ജിലിങ്ങില്‍ മലയാളം പുസ്തകങ്ങളോ മാസികയോ ഒന്നും കിട്ടില്ല . താമസം എപ്പോ വേണമെങ്കിലും മാറാം എന്നുള്ളത് കൊണ്ട് തപാലില്‍ ഒന്നും വരുത്താനും കഴിയുന്നില്ല . അതുകൊണ്ടാണോ എന്നറിയില്ല , എഴുതാനും കഴിയുന്നില്ല . എഴുതാനിരിക്കുമ്പോ പലപ്പോഴും വാക്കുകള്‍ കിട്ടാതെ പോകുന്നു , അല്ലെങ്കില്‍ കിട്ടുന്ന വാക്കുകളില്‍ ഒരു തൃപ്തി വരുന്നില്ല . എന്തോ എവിടെയോ അങ്ങോട്ട്‌ ശരിയാവാത്തപോലെ ...

അങ്ങനെ ചെറുതല്ലാത്ത ഒരു നിരാശയോടെ ടി.വി കാണാനിരുന്നു. തമിഴ് (മലയാളം) നടന്‍ വിക്രം ബ്ലെസി യുടെ സംവിധാനത്തില്‍ ആടുജീവിതം എന്ന സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നു . അപ്പോഴാണ്‌ ഏകദേശം ഒരു വര്‍ഷം മുന്‍പ് വായിച്ച ആടുജീവിതം എന്ന നോവല്‍ എന്റെ ഓര്‍മ്മയിലേക്ക് വീണ്ടും വന്നത് . നാട്ടില്‍ ചെന്നപ്പോ മിന്നയാണ് പറഞ്ഞത് ആടുജീവിതം വായിക്കണം എന്ന് . ഇരുപതു ദിവസത്തെ ലീവിനിടയില്‍ നോവല്‍ വായിക്കാന്‍ സമയമില്ല എന്ന് പറഞ്ഞപ്പോ , നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിച്ചു . നന്ദി ഒരു ബ്ലോഗ്‌ പോസ്റ്റില്‍ ഒതുങ്ങില്ല  .

"ബത്തയിലെ ചെറിയ പോലീസ് സ്റ്റേഷന് മുന്നില്‍ ഞാനും ഹമീദും തോറ്റവരെപ്പോലെ കുറേ നേരം നിന്നു...". ബെന്യാമിന്‍ ആണ് നോവലിസ്റ്റ്‌ . ആ പേര് ആദ്യം ആയിട്ട് കേള്‍ക്കുകയായിരുന്നു  . ഇത്ര കാലം എന്ത് കൊണ്ട് കേട്ടില്ല എന്ന് നിരാശ തോന്നി .

ഗള്‍ഫ്‌ എന്ന് കേള്‍ക്കുമ്പോ എനിക്ക് കേരളം എന്ന് കേള്‍ക്കുന്നത് പോലെ ആയിരുന്നു . കുടുംബത്തില്‍ നിന്നും പരിചയക്കാരില്‍ നിന്നും അത്രയേറെ ആളുകള്‍ ഗള്‍ഫില്‍ ഉണ്ട് . ഓര്‍മ്മകള്‍ തുടങ്ങുന്നത് തന്നെ ദുബായില്‍ നിന്നു വരുന്ന ചെറിയച്ഛന്മാര്‍ കൊണ്ടുവന്നിരുന്ന വര്‍ണ്ണകടലാസില്‍ പൊതിഞ്ഞ മിഠായികളിലും കളിപ്പാട്ടങ്ങളിലും ആണ് . എന്റെ മനസിലെ ഗള്‍ഫ്‌ എന്ന സ്വര്‍ഗലോകത്തെ അപ്പാടെ പൊളിച്ചടുക്കിക്കളഞ്ഞു ബെന്യാമിന്റെ നോവല്‍ .

എത്രയോ ലക്ഷം മലയാളികള്‍ ഗള്‍ഫില്‍ ജീവിക്കുന്നു . അവരില്‍ എത്ര പേര്‍ മരുഭൂമിയെ അനുഭവിച്ചിട്ടുണ്ട് ?  ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം പണിത് ,പണത്തിന്റെയും ആഡംബരത്തിന്റെയും ആകാശത്തെ തൊട്ടു നില്‍ക്കുന്ന  ഗള്‍ഫ്‌ .  അവിടെ   പ്രവാസജീവിതത്തിന്റെ മണല്‍പ്പരപ്പില്‍ കിടന്നു ചുട്ടു പൊള്ളുന്ന മനുഷ്യനെ ബെന്യാമിന്‍ നമുക്ക് കാണിച്ചു തരുന്നു . നമുക്ക് അറിയാത്ത  ഒരു ഗള്‍ഫ്‌ മലയാളി .

മനസ്സില്‍ സങ്കടം നിറയുമ്പോ കണ്ണ് തുളുമ്പും . ഈ പുസ്തകത്തില്‍ നിന്നു ജീവിതം തുളുമ്പി നിങ്ങളുടെ മനസ്സിലേക്കും കണ്ണുകളിലേക്കും നിറയുമ്പോ, കണ്ണുനീര്‍ വീണു നിങ്ങള്‍ക്ക് പൊള്ളും .

"നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ എല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് ". പക്ഷെ ആടുജീവിതം ഒരു കെട്ടുകഥയല്ല, നോവല്‍ വായിച്ചു തീരുമ്പോ നിങ്ങള്‍ ഒരു ജീവിതം അനുഭവിച്ചുതീരുകയാണ് .