Sunday, December 4, 2011

ഒരു മുത്തശ്ശിക്കഥ

അനുവിന്‍റെ സ്വപ്നം  ഇന്നലെ എന്‍റെ ഉറക്കം കളഞ്ഞു  . വാര്‍ധക്യത്തി ന്‍റെ ആകുലതകള്‍ എന്നെ വീണ്ടും അമ്മമ്മയുടെ ഓര്‍മകളില്‍ എത്തിച്ചു . രാത്രി മുഴുവന്‍ എന്തൊക്കെയോ ഓര്‍മ്മകള്‍ തള്ളിക്കയറി വന്നു , ഒരു അടുക്കും ചിട്ടയുമില്ലാതെ .

അമ്മു എന്നാണു ലേശം കുരുത്തക്കേടില്‍ ഞാന്‍ അമ്മമ്മയെ വിളിച്ചിരുന്നത്‌ . എന്‍റെ അപ്പൂപ്പന്‍റെ രണ്ടാം ഭാര്യ ആയിരുന്നു അമ്മു . ആദ്യത്തെ ഭാര്യയില്‍ കുട്ടികള്‍ ഉണ്ടാവാതിരുന്നപ്പോ കുടുംബക്കാര്‍ തന്നെ ഇടപെട്ടു അപ്പൂപ്പനെ വീണ്ടും കല്യാണം കഴിപ്പിക്കുകയായിരുന്നു എന്നാണു ഞാന്‍ കേട്ടിരിക്കുന്നത് . ആ സംഭവത്തെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും ചോദിച്ചറിയാന്‍ കഴിയുന്നതിനു മുന്‍പ് , എന്‍റെ കുട്ടിക്കാലത്ത് തന്നെ അപ്പൂപ്പന്‍ മരിച്ചുംപോയി . പിന്നെ ആകെ ആശ്രയം അമ്മുവിന്‍റെ  വെര്‍ഷന്‍ ആണ് .

"എന്നെ ചെറുപ്പത്തില്‍ ഒന്ന് കാണണ്ടതായിരുന്നു , സിനിമാനടികള്‍ മാറി നില്‍ക്കും . അങ്ങനല്ലേ നെന്‍റെ അപ്പൂപ്പന്‍ വീണുപോയത് " , അത് പറയുമ്പോ എണ്‍പത്തിഅഞ്ചാം വയസിലും അമ്മു ഒരു പാവാടക്കാരിപ്പെണ്ണാവും .  പ്രായത്തിന്‍റെ ചുളിവുകള്‍ക്കിടയിലും ശരിക്കും ഒരു സുന്ദരി തന്നെ ആയിരുന്നു അമ്മു . അപ്പൂപ്പന്‍ നാട്ടിലെ പേര് കേട്ട ആയുര്‍വേദ ഡോക്ടര്‍ ആയിരുന്നു . കുടുംബം അന്യം നിന്നുപോവാതെയിരിക്കാന്‍ വീണ്ടും ഒരു കല്യാണം എന്നാലോചിച്ചപ്പോ അയലത്തെ സുന്ദരിയില്‍ അപ്പൂപ്പന്‍റെ കണ്ണുടക്കിക്കാണണം. അച്ഛന്‍റെ മരണവും അമ്മാവന്മാരുടെ ധൂര്‍ത്തും ഒക്കെ കൊണ്ട് അധപതിച്ചുപോയ ഒരു കുടുംബമായിരുന്നു അമ്മുവിന്‍റെത്. വിവാഹാലോചന അവര്‍ രണ്ടു കൈയും കാലും നീട്ടി സ്വീകരിച്ചു . കാര്യങ്ങള്‍ ഒക്കെ വളരെ എളുപ്പമായിരുന്നു ആ കാലത്ത് എന്നാണു അമ്മു പറഞ്ഞിരുന്നത് .  ഒരു പുടവയും നിലവിളക്കും കൊടുക്കുമ്പോ ഒരു കല്യാണമായി . അമ്മു എടുപിടീന്ന് നാല് മക്കളെ പ്രസവിക്കുകയും ആ കല്യാണത്തിന്‍റെ പരമമായ ലക്‌ഷ്യം നിറവേറ്റുകയും ചെയ്തു ! (അതില്‍ മൂന്നു കുട്ടികളും കുഞ്ഞിലെ തന്നെ മരിച്ചു പോയെങ്കിലും ഒരു മകള്‍ അവശേഷിച്ചത് കാരണം ആണ് ഇപ്പൊ നിങ്ങള്‍ ഇത് വായിക്കുന്നത് .)

ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ അനുഭവിച്ച സ്ത്രീയാണ് എന്‍റെ അമ്മു . പക്ഷെ സംസാരത്തില്‍ , പെരുമാറ്റത്തില്‍ ഒന്നും ആ സങ്കടങ്ങളുടെ ഒരു നിഴല്‍ പോലും ഞാന്‍ കണ്ടിട്ടില്ല .  ജീവിതത്തെ നിവര്‍ന്നു നിന്ന് നേരിട്ട ഒരു പോന്നവളായിരുന്നു അമ്മു . ഞങ്ങള്‍ കുട്ടികളും അങ്ങനെ തന്നെ ആവണം എന്ന് അവര്‍ ആഗ്രഹിച്ചു . ആ സ്വഭാവം കുറച്ചെങ്കിലും കിട്ടിയത് എനിക്കാണ് .
(അതാണ്‌ എന്‍റെ ഏറ്റവും വല്യ പോരായ്മ എന്ന് അമ്മയുടെ അഭിപ്രായം ).

ഒരുപാട് തമാശകള്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിട്ടുണ്ട് . എന്‍റെ അനന്തിരവള്‍ മുത്തുലക്ഷ്മി എന്ന വര്‍ഷ സ്കൂളില്‍ ചേര്‍ന്ന സമയം . അവളെ സ്കൂള്‍ വാനിലേക്ക് കയറ്റിവിടുന്നതും വൈകിട്ട് തിരികെ ഇറക്കുന്നതും ഞങ്ങള്‍ കുടുംബസമേതം ആയിരുന്നു . പിന്നെ സ്കൂളിലെ സംഭവബഹുലമായ ദിവസത്തെ ക്കുറിച്ച് അവളുടെ വക ഒരു കഥാപ്രസംഗം  ഉണ്ടാവും . അങ്ങനെ ഒരു ദിവസം കുട്ടി നിന്ന് കസറുകയാണ് "... അവസാനം  ടീച്ചര്‍ പറഞ്ഞു , എല്ലാവരും വര്‍ഷക്ക് ഒരു കാപ്പ് ( clapp !) കൊടുക്കൂ , അപ്പൊ കുട്ടികള്‍ എല്ലാരും എനിക്ക് കാപ്പ് തന്നു ".  എല്ലാവരും ഹാപ്പി . കുറച്ചു കഴിഞ്ഞപ്പോ അമ്മു കുട്ടിയോട് " എന്നിട്ട് ആ കാപ്പ് എവിടെ ? "
"അത് സ്കൂളില്‍ അല്ലേ കിട്ടിയത് ."
"ആഹാ , അതിനെ അവിടെ കളഞ്ഞിട്ടു പോന്നോ ? നാളെ ചെന്ന് ടീച്ചറോട്‌ പറയണം , കാപ്പ് സ്കൂളില്‍ വെച്ച് മറന്നുപോയി ന്നു ".പെണ്‍കുട്ടികള്‍ ആഭരണ മണിഞ്ഞു നടക്കുന്നതായിരുന്നു അമ്മുവിന് സന്തോഷം . എന്നോടുണ്ടായിരുന്ന ഒരേ ഒരു ഇഷ്ടക്കേടും അതായിരുന്നു ," കഴുകി ഇറക്കിയത് പോലെ പോകുന്ന പോക്ക് കണ്ടില്ലേ !".

എന്‍റെ വിവാഹം വീട്ടില്‍ എല്ലാവരുടെയും ഉറക്കം കെടുത്തിയ കാലത്ത് ഒരു ദിവസം അമ്മു എന്നോട് ചോദിച്ചു " മക്കള്‍ക്ക്‌ ഈ കണ്ട ചെക്കന്മാരെയൊന്നും ഇഷ്ടായില്ലേ ?"
"ഇല്ല "
"പിന്നെ ആരെയാ ഇഷ്ടം ?"
"അയാളെ ഇവിടെ വേറെ ആര്‍ക്കും ഇഷ്ടായില്ല. ജാതകം ചേരില്ല  "
"മക്കള്‍ക്കിഷ്ടമുള്ളയാ ളെ കല്യാണം കഴിച്ചാല്‍ മതി , അയാള്‍ നല്ലവനാണെങ്കില്‍.  രജിസ്റ്റര്‍ മാര്യേജ് ചെയ്യൂ . .ഇവരോടൊക്കെ പതിയെ ഞാന്‍ പറഞ്ഞു മനസ്സിലാക്കാം . ജീവിതം ഒന്നല്ലേയുള്ളൂ .അത് നമുക്ക് മനസ്സിന് ചേരുന്നവരോടൊപ്പം തന്നെ ജീവിക്കണം ." അമ്മു എന്നെ ഞെട്ടിച്ചു ! പിന്നീട് വീട്ടുകാര്‍ എന്‍റെ ഇഷ്ടം തന്നെ സമ്മതിച്ചതിന് ശേഷം ഞാന്‍ വെളിപ്പെടുത്തി , അമ്മു എനിക്ക് തന്ന രഹസ്യ പിന്തുണ . "വെറുതെയല്ലല്ലോ  നീ ഇങ്ങനെ തലതിരിഞ്ഞുപോയത്  ",  അമ്മക്ക് കാരണം മനസിലായി .

നല്ല പ്രായമായിട്ടും ഒത്ത ആരോഗ്യവും തെളിഞ്ഞ ഓര്‍മ്മയും അമ്മുവിനുണ്ടായിരുന്നു . കൊച്ചിയില്‍ കൊണ്ടുപോയി എന്‍റെ കൂടെ  നിര്‍ത്തണം എന്നുണ്ടായിരുന്നു എനിക്ക് . അത് നടന്നില്ല . അമ്മ സമ്മതിച്ചില്ല .       " നിനക്കെന്താ വട്ടുണ്ടോ ? ഈ പ്രായത്തിലും അമ്മയിങ്ങനെ ആരോഗ്യത്തോടെ ഇരിക്കുന്നത് ഈ പറമ്പിലും റോഡിലും ഒക്കെ ഇറങ്ങിനടന്നും പരിചയക്കാരോട് വിശേഷം പറഞ്ഞും ഒക്കെയാ . അതൊന്നുമില്ലാതെ നീ കൊണ്ടുപോയി പട്ടണത്തില്‍ നിലം തൊടാതെ ഇരുത്തിയാല്‍ ഒരാഴ്ച കൊണ്ട് അമ്മ കിടപ്പാവും." അതും ചിലപ്പോ ശരിയായിരുന്നു കാണും . ഞാന്‍ ഒറ്റക്കായിരുന്നു താമസം . ഒരു തനി നാട്ടിന്‍പുറത്തുകാരിയായ അമ്മു  മിണ്ടാനും പറയാനും ആരുമില്ലാതെ എങ്ങനെ കൊച്ചിയില്‍ കഴിയും ?

പതിയെപ്പതിയെ അമ്മുവിന്‍റെ ഓര്‍മ്മ മങ്ങിത്തുടങ്ങി . ഒരു ദിവസം എന്നോട് ചോദിച്ചു , " മക്കളേ നിന്‍റെ കാലം കഴിഞ്ഞാല്‍ പിന്നെ എന്നെ ആര് നോക്കും ?".

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എന്‍റെ അമ്മു മരിച്ചു .