Saturday, October 29, 2011

ബുദ്ധി കൊണ്ട് എന്ത് കാര്യം ?


ഒരുപാട് പ്രാവശ്യം ഞാന്‍  അന്തംവിട്ടു ആലോചിച്ചിട്ടുണ്ട് , എന്തുകൊണ്ടാണ് നല്ല മിടുമിടുക്കികളായ പെണ്ണുങ്ങള്‍ കാല്‍ക്കാശിന്റെ ബുദ്ധിയില്ലാത്ത കിഴങ്ങന്മാരെ പ്രേമിക്കുന്നത് എന്ന് . ഒരുപക്ഷെ നിങ്ങളും അങ്ങനെ ഒരാള്‍ക്ക് വേണ്ടി കാലു വെന്തു നടന്നിട്ടുണ്ടാവും , അല്ലെങ്കില്‍ എന്നെപ്പോലെ അതിനെ കുറിച്ച് ആലോചിച്ചു അന്തംവിട്ടിട്ടുണ്ടാവും .

ഈയിടെ ഒരു സ്റ്റഡി റിപ്പോര്‍ട്ട്‌ വായിച്ചു - എന്ത് കൊണ്ടാണ് ആണുങ്ങള്‍ പങ്കാളികളെ അപമാനിക്കുന്നത് ? ('Why do Men Insult their Intimate Partners?' published in the Journal of Personality and Individual Differences). ഉയര്‍ന്ന ഐ.ക്യൂ . ഉള്ള സ്ത്രീകളോട് അവരുടെ പങ്കാളികള്‍ പൊതുവേ മോശമായാണ് പെരുമാറുന്നത് . അത് പെണ്ണിനെ പിടിച്ചു നിര്‍ത്താനുള്ള അടവാണെന്ന് ഡോ.സ്റ്റിവാര്‍ട്ട് വില്ലിംസ് പറയുന്നു .സാധാരണ ഗതിയില്‍ പുരുഷന്മാര്‍ തങ്ങളേക്കാള്‍ താഴെ നില്‍ക്കുന്ന സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു , അവരെ നിയന്ത്രിക്കാന്‍ എളുപ്പമാണെന്ന് കരുതുന്നു . തന്റെ ഭാര്യ സമൂഹത്തില്‍ തന്നെക്കാള്‍ ബഹുമാനിക്കപ്പെടുന്നു എന്നത് ആണുങ്ങള്‍ക് സന്തോഷം നല്‍കുന്ന ഒരു കാര്യമല്ല .

മിഷിഗന്‍ യുനിവേഴ്സിടി യിലെ മനശാസ്ത്ര വിഭാഗം നടത്തിയ ഒരു സര്‍വേ യും ഇത് തന്നെ പറയുന്നു .വളരെ ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന പുരുഷന്മാര്‍ തങ്ങളുടെ സെക്രട്ടറി യെ വിവാഹം കഴിക്കാനാണ് താല്‍പര്യപ്പെടുന്നത്‌ ,തുല്യനിലയിലുള്ള സഹപ്രവര്‍ത്തകയെയല്ല .അതായത് തന്നെക്കാള്‍ ഉയര്‍ന്ന ഐ.ക്യൂ  ഉള്ള ഭാര്യ ഭര്‍ത്താവിന്റെ സുരക്ഷിതത്വ ബോധത്തിന് ഭീഷണിയാണ് . അങ്ങനെയുള്ള പുരുഷന്മാര്‍ പങ്കാളിയോട് വിശ്വാസ വഞ്ചന കാണിക്കുകയോ അവരെ മനപൂര്‍വം അപമാനിക്കുകയോ  ചെയ്യും .ഡോ. വില്ലിംസ് പറയുന്നു, ഭര്‍ത്താവ് മോശമായി പെരുമാറുമ്പോള്‍ ഒരു സ്ത്രീ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു , തന്റെ തന്നെ ഉള്ളില്‍ ചെറുതായിപ്പോവുന്നു.അങ്ങനെ ആത്മവിശ്വാസം നഷ്ടപ്പെട്ട അവള്‍  ഇനി തന്നെ ഒന്നിനും കൊള്ളില്ല എന്ന ഒരു തോന്നലില്‍ എത്തിച്ചേരുകയും അയാളോടൊപ്പം ജീവിതം തള്ളിനീക്കുകയും ചെയ്യും .  

പത്രപ്രവര്‍ത്തകയായ ഹെലെന്‍ ടൈലര്‍ പറയുന്നത് , ബുദ്ധിമതിയായ ഒരു പെണ്ണ്  പൊതുവേ ഒരു പെര്‍ഫെക്ഷനിസ്റ്റ് ആയിരിക്കും , ഇയാള്‍ ശരിയാവില്ല എന്ന് അറിയുമ്പോഴും 'ഞാന്‍ ഇത് ശരിയാക്കി എടുക്കും ' എന്ന വാശിയോടെ ആ ബന്ധം മുന്നോട്ടു കൊണ്ടുപോവും എന്നാണു . അതുമാത്രമല്ല , പഠിത്തത്തില്‍ ഉള്ള ശ്രദ്ധയും താല്‍പര്യവും കാരണം അവര്‍ക്ക് പുരുഷവിഷയത്തില്‍ വല്യ അറിവും അനുഭവങ്ങളും ഉണ്ടാകില്ല പലപ്പോഴും , എന്നാല്‍ ബുദ്ധി കുറഞ്ഞ പെണ്‍കുട്ടികള്‍ ആ രംഗങ്ങളില്‍  മാസ്റ്റേഴ്സ് എടുത്തു, യോജിച്ച പയ്യന്മാരെ കെട്ടി നന്നായി ജീവിക്കുന്നു . പഞ്ചാരക്കുട്ടപ്പന്മാരുടെ തനി നിറം  തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നു , എന്നാല്‍ മിടുക്കികള്‍ക്ക് അത് കഴിയുന്നില്ല .

നിങ്ങളുടെ ബുദ്ധിയേയും അറിവിനെയും പ്രശംസിക്കുകയും ഒപ്പം തന്നെ 'പക്ഷെ നിനക്ക് തടി കൂടുതല്‍ ആണ്, പിന്നെ, നിന്റെ പാചകം കൊള്ളില്ല ' എന്ന് പറയുകയും ചെയ്യുന്നവനെ  വേണ്ട എന്നാണു ടൈലര്‍ ടെ അഭിപ്രായം . 

ഇതൊക്കെ അങ്ങ് സായിപ്പിന്റെ നാട്ടിലെ കാര്യങ്ങള്‍ . ഇത് വായിച്ചിട്ട്  "എന്നെക്കുറിച്ചാണോ" എന്നാലോചിച്ചു മലയാളികള്‍ ആരും വിഷമിക്കരുത് ,പ്ലീസ് .

3 comments:

  1. Njaan oru mandabudhi aanennu ente hus idakkide ormippikkaarundu. :D

    ReplyDelete
  2. ആ കാലം മാറിവരുന്നു സുഹൃത്തേ.....നഗരജീവിതത്തിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് ജീവിതസാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോൾ പക്വതയില്ലാത്ത മന്ദബുദ്ധിയായ ഒരു ഭാര്യ ഇന്ന് ബാധ്യത തന്നെയാണ്‌...
    എന്ന്,
    എന്നെക്കാൾ ഐക്യു കൂടിയ ഒരു ഭാര്യയുടെ കൂടെ ജീവിക്കുന്ന ഒരു ഭർത്താവ് :)

    ReplyDelete
  3. @പഥികൻ : കാലം മാറുന്നുണ്ട് , അതിനൊത്ത് മനോഭാവം മാറുന്നുണ്ടോ ?! എന്തായാലും ഭാര്യയുടെ ഐ.ക്യൂ . നെ കുറിച്ച് അഭിമാനം കൊള്ളുന്ന ഒരു ഭര്‍ത്താവിനെ കൂടി കണ്ടതില്‍ സന്തോഷം.

    ReplyDelete