Sunday, April 17, 2011

ഒന്ന് പറഞ്ഞിട്ട് പോകൂ

ഇന്നത്തെ വിഷയവും ബന്ധങ്ങള്‍ തന്നെയാണ് , അതും തകരുന്ന ബന്ധങ്ങള്‍. ഇതെന്താ വേറെ ഒന്നും പറയാനില്ലേ  ? 

എന്‍റെ വളരെ അടുത്ത രണ്ടു സുഹൃത്തുക്കള്‍ ഇഷ്ടത്തിലായി . അങ്ങനെ വല്യ ഒരു പ്രണയം എന്നൊന്നും പറഞ്ഞൂട , എന്നാലും ഒരിഷ്ടം . അവധി ദിവസങ്ങളില്‍ അവര്‍ കാണുകയും ഒരുമിച്ചു  സമയം ചെലവഴിക്കുകയും ചെയ്തു .  ഒരുമിച്ചു ആഹാരം കഴിക്കുകയും വായിച്ച പുസ്തകങ്ങളെയും  കേട്ട പാട്ടുകളേയും കുറിച്ച് അഭിപ്രായങ്ങള്‍ പറയുകയും സിനിമ കാണുകയും ചെയ്തു . അവര്‍ രണ്ടുപേരും അത് ഇഷ്ടപ്പെടുകയും ചെയ്തുകാണണം.

ഒരു 2 -3 മാസം അങ്ങനെ പോയി . ആ ബന്ധത്തിന് ഒരു ഭാവിയില്ലെന്ന് പയ്യന് തോന്നിത്തുടങ്ങി. എന്തോ ഒരു ...ഒരു ... അത് തന്നെ . നിങ്ങള്‍ക്ക് കാര്യം മനസിലായല്ലോ . അങ്ങനെ അവന്‍ എന്‍റെ വിദഗ്ധോപദേശം തേടി. നേരെ ചൊവ്വേ കാര്യം പറയുന്നതല്ലേ നല്ലത് ? ഇപ്പോഴേ താല്പര്യമില്ലാത്ത ഒരു ബന്ധം ഭാവിയിലേക്ക് വലിച്ചിഴച്ചു കൂട്ടിക്കുഴയ്ക്കണോ എന്ന് ഞാന്‍ ചോദിച്ചു . അത് എന്‍റെ മാത്രം അഭിപ്രായം . പയ്യന് ഇഷ്ടം പോലെ ചെയ്യാം , അല്ലേ ?

അടുത്ത ഞായറാഴ്ച പതിവുപോലെ അവന്‍ പെണ്‍കുട്ടിയെ കണ്ടു . അവളുടെ സൌഹൃദം അവനു വളരെ വിലപ്പെട്ടതാണ്‌ പക്ഷെ ബ്ലാ ബ്ലാ ബ്ലാ ... കൃത്യമായും അവന്‍ പറഞ്ഞ വാക്കുകള്‍ എന്താണെന്ന് എനിക്കറിയില്ലല്ലോ . അല്ലെങ്കില്‍ അതില്‍ അത്ര കാര്യവുമില്ല . അവര്‍ തമ്മില്‍ ഒരുമിച്ചൊരു ജീവിതം ജീവിക്കാന്‍ വേണ്ടത്ര ചേര്‍ച്ചയില്ല എന്ന് അവന്‍ പറഞ്ഞു. നന്മയും അനുകമ്പയുമുള്ള ആ പയ്യന്‍ ഒരിക്കലും പെണ്‍കുട്ടിയെ വേദനിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കുകയോ അവളെ കുറ്റപ്പെടുത്തുകയോ ഇല്ല എന്ന് എനിക്കുറപ്പാണ് . അല്ലെങ്കില്‍ അവന്‍ അങ്ങനെ ചെയ്തു കാണില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു .

എന്ത് തന്നെ ആയാലും  പെണ്‍കുട്ടി ആകെ വെകിളി പിടിച്ചപോലെ പെരുമാറുകയും പയ്യനെ  കഴിയും വണ്ണം അപമാനിക്കുകയും ചെയ്തു . "ഒന്നും പറയാതെ താന്‍ അങ്ങ് പോവുകയായിരുന്നില്ലേ ഇതിലും നല്ലത് ?" എന്ന് അവള്‍ ചോദിച്ചു . അങ്ങനെ ആ സംഭവത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും നേരെ എന്‍റെ തലയിലേക്ക് വന്നു വീണു .  ( അത് ഒരു അലങ്കാരമായിക്കിടക്കട്ടെ , തലയ്ക്കു അകത്തോ ഒന്നുമില്ല എന്നാണോ നിങ്ങള്‍ ഇപ്പൊ വിചാരിച്ചത് ? )

ഞാന്‍ പറഞ്ഞതില്‍ തെറ്റില്ല എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു . നമ്മളോട് അടുപ്പമുള്ള ഒരാള്‍ ഒരു ദിവസം അങ്ങ് മാഞ്ഞുപോയാല്‍ നമുക്കെന്തു തോന്നും? ഒന്നും പറയാതെ ഒരു സൂചന പോലും തരാതെ അങ്ങ് അപ്രത്യക്ഷനാകുന്നു . ഒന്നും അറിയാന്‍ കഴിയാതെ ഒറ്റയ്ക്ക് നമ്മള്‍ വേദനയില്‍ ഉഴറി നടക്കും , അല്ലേ ? ഓരോ ഫോണ്‍ കോളും വരുമ്പോ നമ്മുടെ ഹൃദയം കുതിച്ചു ചാടും , ഓരോ കാലടി ശബ്ദവും അയാളെന്നു കരുതി നമ്മള്‍ ശ്വാസം അടക്കി കാതോര്‍ക്കും . ആ വേദനയേയും നിരാശയേയും അപേക്ഷിച്ച് എത്രയോ നല്ലതാണ് സത്യം അറിയാനും അംഗീകരിക്കാനും  കഴിയുന്നത്‌ .

ഈ മാഞ്ഞുപോകല്‍ പ്രണയത്തില്‍ മാത്രമല്ല ,സൌഹൃദത്തിലും സംഭവിക്കാറുണ്ട് .എനിക്കും ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ട്,ഒന്നും പറയാതെ ഒരു വിഷമ സാഹചര്യം ഒഴിവാക്കി അങ്ങ് മുങ്ങിക്കളയാം എന്ന്. പക്ഷെ വീണ്ടും ആലോചിച്ചപ്പോ , അത് ശരിയല്ല. ഞാന്‍ നിങ്ങള്‍ക്ക്   ഒരു വിശദീകരണം തരാന്‍ ബാധ്യസ്ഥയല്ലായിരിക്കാം, എന്നാലും ഒന്ന് പറഞ്ഞിട്ട് പോണം . പറഞ്ഞിട്ട് തന്നെ പോണം . അല്ലെങ്കില്‍ നിങ്ങള്‍ ആലോചിച്ചു തലപുകയില്ലേ (നിങ്ങള്‍ എല്ലാവരും എന്നെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണ് എന്നല്ല !!!)

അതുകൊണ്ട് അടുത്ത പ്രാവശ്യം ഒരു ബന്ധം വിട്ടുപോവുമ്പോ വെറുതെയങ്ങു മാഞ്ഞുപോകരുത് . നേരിട്ടുപറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട , ആ ഫോണ്‍ എടുത്തു ഒന്ന് വിളിക്കൂ .

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. Relationships are always a mystery...it is tough to understand why some people come into our lives...it is even more tough to understand why some people vanish from our lives...Certain things are beyond our comprehension. But, when you are so sure that you don't want a particular person in your life, it is better to stay away than creating complications in other person's life.

    ReplyDelete
  3. thummiyaal therikkunna mookkaanenkil pokaan parayanam... pakshe thummiyittaakanam therikkunnathu... chumma poikkalanjaal, athu oru maathiri..aale aakkunna tharam aayipppokum...

    ReplyDelete