Wednesday, October 13, 2010

മഴ

പുറത്തു മഴ പെയ്യുകയാണ് . ഞാന്‍ കണ്ണടച്ചിരുന്നു മഴയെ സങ്കല്പിച്ചു .
                                                                
ആകാശത്തിനു ചുവട്ടില്‍ മഴത്തുള്ളികള്‍ ചില്ലുകൊട്ടാരം പണിയുന്നു  . ഉടഞ്ഞു വീഴുന്നു, വീണ്ടും പണിയുന്നു .എന്തുകൊണ്ടോ ഞാന്‍ സുരക്ഷിതയാണെന്നു എനിക്ക് തോന്നുന്നു .

ഒരു മഴത്തുള്ളിയോടൊപ്പം ഒഴുകി താഴേയ്ക്ക് വീഴുവാന്‍ എനിക്ക് മോഹം . ഞാന്‍ ഇതാ വീഴുന്നു .

ഉള്ളില്‍ മഴ പെയ്യുകയാണ് . പുറത്തെ വെളുവെളുത്ത മിനുമിനുത്ത മഴയല്ല . ഇരുട്ട് മൂടിയ ആകാശത്തിനു കീഴെ കറുത്തിരുണ്ട മഴ . കലങ്ങി മറിഞ്ഞു കുത്തിയോഴുകിവീഴുന്ന  മഴ. 
ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു . ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുവാന്‍ എന്റെ മനസിന്‌ ശക്തി പോര . മഴത്തുള്ളികള്‍ വീണു എനിക്ക് വേദനിക്കുന്നു .

ഞാന്‍ ജനാല തുറന്നു പുറത്തേയ്ക്ക് നോക്കി . മഴയിലൂടെ ആളുകള്‍ ഓടുകയാണ് . പുറത്തു ജീവിതം ഇരമ്പിയാര്‍ക്കുന്നു . എന്റെ ഉള്ളില്‍ മഞ്ഞുറഞ്ഞ് തണുക്കുന്നു .

എന്തുകൊണ്ടോ എനിക്ക് തോന്നുന്നു ഞാന്‍ സുരക്ഷിതയല്ലെന്നു ...

2 comments:

  1. അടുക്കു തെറ്റിയ ചിന്തകള്‍ക്കു ഉപാസന സ്വാഗതമോതുകയാണ്. ഇതും ഒരു നിയോഗം.

    ബൂലോകത്തെ ജയിക്കുക
    :-)
    ഉപാസന || സുപാസന

    ReplyDelete